
ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടെസ്റ്റ് നാളെ തുടങ്ങുന്നു
ലണ്ടൻ : ഇന്ത്യയ്ക്ക് തിരിച്ചടിയായി കൊവിഡ് ബാധിതനായിരുന്ന നായകൻ രോഹിത് ശർമ്മയ്ക്ക് ഇംഗ്ലണ്ടിനെതിരെ നാളെ തുടങ്ങുന്ന ടെസ്റ്റ് മത്സരത്തിൽ കളിക്കാൻ കഴിയില്ലെന്ന് സൂചന. കഴിഞ്ഞ വർഷം കൊവിഡ് മൂലം നടത്താൻ കഴിയാതിരുന്ന ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിനാണ് നാളെ എഡ്ജ്ബാസ്റ്റണിൽ തുടക്കമാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രോഹിത് കൊവിഡ് പോസിറ്റീവായത്. നെഗറ്റീവായാലും രോഹിതിന് കളിക്കളത്തിലിറങ്ങാൻ പ്രയാസമാണെന്നാണ് കഴിഞ്ഞ ദിവസം നടന്ന സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയുടെ സാന്നിദ്ധ്യത്തിൽ നടന്ന ടീം മീറ്റിംഗിൽ വിലയിരുത്തിയത്. രോഹിതിന്റെ അസാന്നിധ്യത്തിൽ ജസ്പ്രീത് ബുംറയാകും ഇന്ത്യയെ നയിക്കുകയെന്നും സൂചനകളുണ്ട്.
കഴിഞ്ഞ വർഷം നടത്തിയ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2–1നു മുന്നിട്ടുനിൽക്കെ ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്നു മാറ്റിവച്ച മത്സരമാണ് നാളെ തുടങ്ങുന്നത്. രോഹിതിന് ബാറ്റിംഗിലെ പകരക്കാരനായി മയാങ്ക് അഗർവാളിനെ ഇംഗ്ലണ്ടിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ശുഭ്മാൻ ഗില്ലിനൊപ്പം മയാങ്ക് അഗർവാളാകും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക