kk

ന്യൂഡൽഹി :വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ നടപടിയെ ചോദ്യം ചെയ്‌ത് നൽകിയ ഹർജിയിൽ ശിവസേനയ്‌ക്കെതിരെ ചോദ്യങ്ങളുമായി സുപ്രീംകോടതി. ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ചു കൂടേയെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ഭരണഘടനയിൽ പ്രത്യേക സമയം പറഞ്ഞിട്ടുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു. മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

തിടുക്കപ്പെട്ടാണ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി കോടതിയിൽ വാദിച്ചു. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സിംഗ്‌വി പറഞ്ഞു.

ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളും മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പർദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് ഹർജിയിൽ വാദം കേൾക്കുന്നത്.

മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകിയത്. ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെയാണ് ഗവർണറുടെ നടപടി.