musk

കാലിഫോർണിയ: വരുന്ന മൂന്ന് മാസത്തിനകം കമ്പനിയിലെ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് നടപ്പാക്കിത്തുടങ്ങി.ടെസ്‌ലയുടെ ഓട്ടോ പൈലറ്റ് ഡ്രൈവർ അസിസ്‌റ്റന്റ് സിസ്‌റ്റത്തിൽ ജോലിനോക്കിയിരുന്ന 200ഓളം പേരെയാണ് ടെസ്‌ല പിരിച്ചുവിട്ടത്. കാലിഫോർണിയയിലെ സാൻ മാറ്റിയോയിലുള‌ള ഓഫീസും ടെസ്‌ല പൂട്ടി. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ഇലോൺ മസ്‌ക് ഇത്തരം കടുത്ത നടപടിയിലേക്ക് പോയത്.

പിരിച്ചുവിടപ്പെട്ട ചിലർ നൽകുന്ന വിവരമനുസരിച്ച് ജോലി നഷ്‌ടമായ മിക്കവരും മണിക്കൂറിന് ശമ്പളം വാങ്ങുന്നവരാണ്. പാലോ ആൾട്ടോയിലെ ഓഫീസിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്ന ജീവനക്കാരെയാണ് ചൊവ്വാഴ്‌ച ടെസ്‌ല പിരിച്ചുവിട്ടത്. ഇത് മിക്ക ജീവനക്കാർക്കും ഉൾക്കൊള‌ളാനായിട്ടില്ല. ഒരുതരം മരവിച്ച അവസ്ഥയിലാണ് തങ്ങളെന്ന് അവർ അറിയിച്ചു.

തൊഴിലവസരങ്ങൾ വെട്ടിക്കുറയ്‌ക്കുന്നതായും ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് തനിക്ക് നല്ലതൊന്നും തോന്നുന്നില്ലെന്നും ലോകമാകെ നിയമനങ്ങൾ കമ്പനി തൽക്കാലത്തേക്ക് നിർത്തിയെന്നും മസ്‌ക് മെയിലിലൂടെ അറിയിച്ചു. 2022ലെ രണ്ടാം പാദം കമ്പനിയെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയതാണെന്നും ആളുകളെ വെട്ടിക്കുറയ്‌ക്കുന്നതിന് കാരണം അതാണെന്നും വിദഗ്ദ്ധർ പറയുന്നു. ഷാങ്‌ഹായിലെ അടച്ചുപൂട്ടൽ കാരണം അസംസ്‌കൃത വസ്‌തുക്കളുടെ വിലയും വിതരണത്തിലെ പാളിച്ചയുമാണ് മസ്‌കിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ.