teacher

തൊടുപുഴ: ഗൂളിൽ കണ്ട് കൗതുകത്തിന് തുടങ്ങി ഡ്രാഗൻ പഴങ്ങളുടെ കൃഷിയിൽ ഇപ്പോൾ വിജയഗാഥ രചിച്ചിരിക്കുകയാണ് ഈ ടീച്ചർ. തൊടുപുഴ കുമാരമംഗലം വടക്കേപ്പറമ്പിൽ അനിറ്റ് തോമസ് രണ്ടു വർഷം മുൻപ് ഓൺലൈനിൽ ക്ളാസുകൾ എടുക്കുന്ന കാലത്ത് ഗൂഗിളിൽ പരതി എത്തിയത് ഡ്രാഗൻ പഴങ്ങളിലേക്കായിരിന്നു.പോഷകസമൃദ്ധവും കാണാനുള്ള കൗതുകവുമാണ് ഈ കൃഷിയിലേക്ക് എത്തിച്ചത്. കൃഷിയിൽ താൽപ്പര്യമുണ്ടായിരുന്ന അനിറ്റ് കൂടുതൽ പഠനം നടത്തിയപ്പോൾ വീട്ടിൽ കൃഷിയാരംഭിക്കാം എന്ന് ഭർത്താവ് ഡെന്നിയോട് പറയുകയായിരുന്നു. ഡെന്നിയുടെ സഹായവും ഭർത്തൃപിതാവ് വർക്കി ജേക്കബിന്റെ പിന്തുണയുമായപ്പോൾ അനിറ്റ് തോമസ് നല്ലൊരു ഡ്രാഗൻ പഴങ്ങളുടെ കൃഷിക്കാരിയായി മാറി.അതിൽ 100 മേനി വിളവ് കണ്ടെത്താൻ കഴിഞ്ഞു.

തരിശായിക്കിടന്ന നീർവാർച്ചയുള്ള 30 സെന്റ് സ്ഥലം വെട്ടിത്തെളിച്ച് 7- 9 അകലത്തിൽ കോൺക്രീറ്റ് കാലുകൾ നാട്ടി നല്ലയിനം 800 ഓളം ചെടികൾ പ്ലാന്റേഷനുകളിൽ നിന്നും കണ്ടെത്തി വാങ്ങി കൃഷി ആരംഭിച്ചു.വെള്ള, ചുവപ്പ്, മഞ്ഞ ഇനം പഴങ്ങൾ ഉണ്ടാകുന്ന ചെടികളുണ്ട് എങ്കിലും ചുവപ്പ് ചെടിയാണ് കൃഷിക്ക് തെരഞ്ഞെടുത്തത്. രണ്ടു ലക്ഷത്തോളം ചെലവു വന്നെങ്കിലും ആത്മവിശ്വാസത്തോടെ കൃഷി തുടർന്നു. വേനൽക്കാലത്ത് തുള്ളി നന നൽകി. ജൈവവളപ്രയോഗങ്ങൾ നടത്തി.ഇപ്പോൾ നിറയെ പൂവുകളും വിളവെടുക്കാറായ ഫലങ്ങളുമായി. പഴങ്ങൾ വാങ്ങാൻ എറണാകുളത്ത് നിന്നും മൊത്തക്കച്ചവടക്കാർ വീട്ടിലെത്തി ശേഖരിച്ചു പോകും. നല്ല വിലയും കിട്ടി. പഴങ്ങളും തൈകളും വിറ്റ് മുടക്കുമുതൽ നേടിക്കഴിഞ്ഞു.കൂടാതെ അപൂർവ്വ ഇനങ്ങളായ ഗാഗ്, അബിയു ചെടികളും ഫലങ്ങൾ തന്നു തുടങ്ങി.

ബോട്ടണി വിഷയം പഠിച്ച് തൊടുപുഴ കോഓപ്പറേറ്റീവ് സ്‌കൂൾ അദ്ധ്യാപികയായ അനിറ്റ് യൂ ട്യൂബ് ചാനലിലൂടെയും ഫേസ് ബുക്കിലൂടെയും ഇടവേളകളിൽ കൃഷിരീതികൾ പഠിപ്പിച്ച് വരുന്നു. കുമാരമംഗലം പഞ്ചായത്ത് കഴിഞ്ഞ വർഷത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുത്ത് ആദരിച്ചു. മക്കളായ അലൻ ഡെന്നിയും മിലൻ ഡെന്നിയും അമ്മയുടെ സഹായത്തിനായി ഒപ്പമുണ്ട്.