jaleel-swapna

കൊച്ചി:സ്വപ്‌നയുടെ മുൻ ഡ്രെെവറുടെയും ഫ്ലാറ്റിലെ സഹായിയുടെയും മൊഴിയെടുത്തു. മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ ഗൂഢാലോചന കേസിന്റെ അടിസ്ഥാനത്തിൽ തൃശൂർ എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയായിരുന്നു കെ.ടി ജലീൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ജലീല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. സ്വപ്ന നടത്തിയത് പുതിയ വെളിപ്പെടുത്തലുകൾ അല്ല. മുൻപും സമാനമായ അടിസ്ഥാന രഹിതമായ വെളിപ്പെടുത്തൽ അവർ നടത്തിയിട്ടുണ്ട്. മൂന്ന് അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌തിരുന്നു. അപ്പോഴൊന്നും പുറത്ത് പറയാത്ത കാര്യങ്ങൾ ഇപ്പോൾ എങ്ങനെ പറയുന്നു. മുൻപ് നടത്തിയ പ്രസ്താവനകള്‍ തന്നെ സ്വപ്‌ന വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണെന്ന് ജലീൽ പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം എത്തിയതിന് പിന്നാലെയാണ് മൊഴിയെടുക്കൽ എന്നതും ശ്രദ്ധേയമാണ്. കേസ് സംബന്ധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു.

ക്ലിഫ്ഹൗസിൽ രഹസ്യയോഗങ്ങൾക്ക് താൻ പോയിട്ടുണ്ടെന്നും വിദേശ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു കൂടിക്കാഴ്ചകളെല്ലാമെന്നും സ്വപ്‌ന പറഞ്ഞു. 2016 മുതൽ 2022 വരെയുള്ള സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇതെല്ലാം വ്യക്തമാകും.സ്‌പ്രിംഗ്ലർ ഇടപാടിന്റെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണയാണെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.