disease

കേരളത്തിൽ ഇപ്പോൾ പകർച്ചവ്യാധികളുടെ കാലമാണ്. കൊവിഡിന് തൊട്ടുപിന്നാലെ ഭീതി പരത്തി വീണ്ടും നിപയെത്തി. അതിന്റെ ഭീതി ഒന്നടങ്ങിയപ്പോൾ ആന്ത്രാക്സ് എത്തി. മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെങ്കിലും ജനങ്ങൾ ആശങ്കയോടെയാണ് ആന്ത്രാക്സിനെ കാണുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയിൽ ചത്തുവീണ കാട്ടുപന്നികളെ പരിശോധിച്ചപ്പോഴാണ് മരണകാരണം ആന്ത്രാക്സാണെന്ന് വ്യക്തമായത്. ചത്ത പന്നികളുടെ ശവശരീരങ്ങൾ കുഴിച്ചിടാൻ സഹായിച്ചവർ മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകാതെ നോക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. 'വൂൾ സോർട്ടേഴ്‌സ് രോഗം' എന്നാണ്

മനുഷ്യരിൽ ഈ രോഗം എന്ന് അറിയപ്പെടുന്നത്. മുഖം, കൈ, ശ്വാസകോശം, തലച്ചോർ, കുടൽ എന്നിവിടങ്ങളിൽ ഉണങ്ങാത്ത വ്രണങ്ങൾ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം. ഇപ്പോൾ വളരെ ഫലപ്രദമായ വാക്സിനുകൾ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങൾ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂർണ്ണമായും ഭേദമാക്കാൻ കഴിയും.

ആഹാരത്തിലൂടെയും ശ്വാസോച്ഛ്വാസത്തിലൂടെയും

'ബാസില്ലസ് ആന്ത്രാസിസ്' എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. മനുഷ്യൻ, കുതിര, പന്നി,ആട്, ആന എന്നിവയിലാണ് ആന്ത്രാക്സ് രോഗം കണ്ടുവരുന്നത്. നായകളേയും പൂച്ചകളേയും വളരെ അപൂർവമായേ ബാധിക്കുന്നുള്ളൂ ആഹാരം, ശ്വാസോച്ഛ്വാസം, ശരീരത്തിലെ മുറിവ് എന്നിവയിലൂടെയാണ് രോഗാണുക്കൾ പ്രധാനമായും ശരീരത്തിനുള്ളിൽ കടക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളും രോഗം പരത്തും. വായുസമ്പർക്കുമുണ്ടാകുമ്പോൾ ആന്ത്രാക്സ് രോഗാണുക്കൾ സ്പോറുകളായി (രേണുക്കൾ) രൂപം മാറുന്നു. ഇവയ്ക്ക് വർഷങ്ങളോളം ഒരു പ്രശ്നവുമില്ലാതെ മണ്ണിൽ കഴിയാൻ സാധിക്കും. കന്നുകാലികളുടെ ശരീരം ഉൾപ്പടെ അനുകൂല സാഹചര്യങ്ങളിൽ പ്രവേശിക്കുമ്പോൾ രോഗകാരിയാവുകയും ചെയ്യും.

disease1


കൊടിയ വിഷം
ആഹാരത്തിൽ കൂടിയാണ് സ്പോറുകൾ ശരീരത്തിനുള്ളിൽ കടക്കുന്നതെങ്കിൽ വായിലോ ആമായശത്തിലോ അന്നനാളത്തിലോ ഉള്ള ചെറിയ മുറിവുകൾ വഴി രക്തത്തിൽ കടക്കും. പിന്നീട് വളരെ വേഗത്തിൽ പെറ്റുപെരുകും. നിമിഷങ്ങൾക്കുളളിൽ രോഗാണുക്കൾ എല്ലാ അവയവങ്ങളിലേക്കും എത്തുകയും ചെയ്യും. ഇതിനൊപ്പം അണുക്കൾ ഉത്പാദിപ്പിക്കുന്ന മാരക വിഷം രക്തത്തിൽ കലരുംചെയ്യും. ഇതിനെത്തുടർന്നുണ്ടാകുന്ന ആഘാതങ്ങളാണ് മരണകാരണമാകുന്നത്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ മരണവും ഉണ്ടാവും.

ലക്ഷണങ്ങൾ

ശക്തമായ പനി, ശ്വാസംമുട്ടൽ, വിറയൽ, കണ്ണുകൾ ചുവന്ന് തുടുക്കുക, മൂക്കിൽ നിന്ന് നീരൊലിപ്പ്, വയർ സ്തംഭനം, മൂത്രത്തിൽ രക്തം കണുക എന്നിവയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം. ചത്തുകഴിഞ്ഞവയുടെ മലദ്വാരത്തിലൂടെയും ജനനേന്ദ്രിയത്തിലൂടെയും കറുപ്പുകലർന്ന രക്തം ഒഴുകാറുണ്ട്. ഇവയിലെല്ലാം രോഗാണുക്കൾ ഉണ്ടാവും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

disease2

പ്രതിരോധ മാർഗങ്ങൾ

രോഗം ബാധിച്ച പശു, ആട് എന്നിവയുടെ പാൽ ഉപയോഗിക്കരുത്.മരണകാരണം ആന്ത്രാക്സാണെന്ന് സംശയം തോന്നിയാൽ ചത്ത ജീവികളുടെ ശവശരീരങ്ങൾ ഒരിക്കലും മുറിക്കാൻ പാടില്ല. മുറിക്കുമ്പോൾ വൻതോതിൽ രോഗാണുക്കൾ പുറത്തുവരികയും ഇത് രോഗസംക്രമണത്തിന് കാരണമാവുകയും ചെയ്യും എന്നതിനാലാണിത്. ഇവയുടെ മാംസം ഭക്ഷിക്കയും അരുത്. ശവശരീരവും മറ്റ് വിസർജ്യവസ്തുക്കളും തീയിട്ട് നശിപ്പിക്കുകയോ ആറടിയിൽ കുറയാത്ത ആഴമുള്ള കുഴിയിൽ കുമ്മായമിട്ടശേഷം കുഴിച്ചുമൂടുകയോ ചെയ്യണം. അങ്ങനെയെങ്കിൽ രോഗം പകരുന്നത് തടാൻ കഴിയും.