traffic-block

ബംഗളൂരു: ട്രാഫിക് പൊലീസിന്റെ അനാവശ്യ പരിശോധനകൾ നിർത്തണമെന്ന് കർണാടക ഡി.ജി.പി പ്രവീണ്‍ സൂദ്. ട്രാഫിക് പൊലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടി. നിയമലംഘനം നേരിട്ട് കണ്ടാലല്ലാതെ രേഖകള്‍ പരിശോധിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തരുതെന്ന് ഡി.ജി.പി നിർദേശം നൽകി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

പ്രവീണ്‍ സൂദ് ട്രാഫിക് എ.സി.പി.യായിരുന്നപ്പോള്‍ ഇത്തരം പരിശോധനകള്‍ നിര്‍ത്തണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നെന്നും ഡി.ജി.പിയായപ്പോള്‍ പരിശോധന തിരിച്ചെത്തിയെന്നും ഒരാൾ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഡി.ജി.പിയുടെ നിർദേശം.

traffic-block

ഗതാഗതനിയമം ലംഘിക്കുകയോ മദ്യപിച്ച് വാഹനമോടിക്കുകയോ ചെയ്താല്‍ മാത്രം വാഹനപരിശോധന മതിയെന്നും ഡി.ജി.പി കുറിച്ചു. ട്രാഫിക് ജോയിന്റ് കമ്മീഷണറെയും ബംഗളൂരു പൊലീസിനെയും അദ്ദേഹം ടാഗ് ചെയ്തിരുന്നു. ഡി.ജി.പിയുടെ നിർദേശത്തെ സ്വാഗതം ചെയ്‌തുകൊണ്ട് നിരവധിയാളുകൾ എത്തുകയാണ്.

ബംഗളൂരുവിൽ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകൾ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. റോഡരികില്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നത് ഗതാഗതക്കുരുക്കിന് കാരണമായി എന്നുമാണ് ആരോപണം ഉയരുന്നത്. ട്രാഫിക് പൊലീസ് കൈക്കൂലി ആവശ്യപ്പെടുന്നുവെന്നും ആരോപണമുണ്ട്.