undr-17-girls

ന്യൂഡൽഹി: ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിലെ വനിതാ താരത്തോട് അപമര്യാദയായി പെരുമാറിയ സഹപരിശീലകനെ പുറത്താക്കിയതായി സൂചന. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പ്യൻ പര്യടനത്തിലാണ് ടീം ഇപ്പോൾ. ഇവിടെ വച്ചാണ് 17 വയസിൽ താഴെയുള്ള ഇന്ത്യൻ താരത്തോട് പരിശീലകൻ മോശമായി പെരുമാറിയതെന്ന് കരുതുന്നു. സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ച ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ ഐ എഫ് എഫ്) എന്നാൽ പരിശീലകൻ ആരാണെന്ന് വ്യക്തമാക്കിയില്ല.

മാദ്ധ്യമങ്ങൾക്ക് നൽകിയ ഔദ്യോഗിക വിശദീകരണത്തിൽ നടക്കാൻ പാടില്ലാത്ത ചില സംഭവങ്ങൾ ഇന്ത്യൻ ക്യാമ്പിൽ നടന്നുവെന്നും ഉത്തരവാദിയായ വ്യക്തിയോട് ഉടനടി ഇന്ത്യയിലേക്ക് മടങ്ങിവരാനും തുടർഅന്വേഷണത്തിൽ സഹകരിക്കാനും ആവശ്യപ്പെട്ടതായി എ ഐ എഫ് എഫ് വ്യക്തമാക്കി. ആരോപിതനായ വ്യക്തിയോട് അന്വേഷണം അവസാനിക്കുന്നത് വരെ ടീമിലെ ഒരു അംഗവുമായും യാതൊരുവിധ ബന്ധവും പുലർത്തരുതെന്ന് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ ഐ എഫ് എഫിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

View this post on Instagram

A post shared by Indian Football (@indianfootball)

ഇറ്റലിയിലെ പരിശീലന മത്സരത്തിന് ശേഷമാണ് സംഭവം പുറത്തായതെന്നാണ് ലഭിക്കുന്ന വിവരം. നോർവേയ്ക്കെതിരായ മത്സരങ്ങൾക്ക് മുമ്പായി ആരോപിതനായ വ്യക്തിയോട് ഇന്ത്യയിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടിരുന്നു. നോർവേയിൽ വച്ച് പരിശീലനത്തിന് ഒരു വനിതാ താരം എത്താതായതിനെ തുടർന്ന് മുഖ്യ പരിശീലകൻ തോമസ് ഡെന്നർബീ വിവരം തിരക്കിയപ്പോഴാണ് സംഭവം ടീം മാനേജ്മെന്റ് അറിയുന്നത്. വനിതാ താരത്തിന്റെ കൂട്ടുകാരിയാണ് ഡെന്നർബീയെ വിവരം ധരിപ്പിക്കുന്നത്. തുടർന്ന് സഹപരിശീലകനെ ഡെന്നർബീ വിളിച്ച് കാര്യം തിരക്കിയെങ്കിലും ഇയാൾ സംഭവം നിഷേധിക്കുകയായിരുന്നു. എന്നാൽ വനിതാ താരത്തിന്റെ ഫോൺ പരിശോധിച്ച അധികൃതർക്ക് ഗുരുതര സ്വഭാവമുള്ള ചില വാട്സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും ലഭിച്ചു. ഇതിനെ തുടർന്ന് സംഭവം എ ഐ എഫ് എഫിൽ റിപ്പോർട്ട് ചെയ്യുകയും നടപടി എടുക്കുകയുമായിരുന്നു. മാനസികമായി തളർന്ന വനിതാ താരവുമായി സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനശാസ്ത്രജ്ഞയുടെ സേവനവും എ ഐ എഫ് എഫ് തേടിയിട്ടുണ്ട്.

u17-girls

അതേസമയം സംശയത്തിന്റെ വിരൽ ചൂണ്ടുന്നത് വനിതാ ടീമിലെ സഹപരിശീലകനിലേക്കാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, നോർവേയ്ക്കെതിരായ മത്സരം മുതലുള്ള ടീം ഫോട്ടോകളിലൊന്നും ഇയാളുടെ സാന്നിദ്ധ്യം ഇല്ലാത്തത് സംശയം വർദ്ധിപ്പിക്കുന്നുണ്ട്. നോർവേ മത്സരത്തിന് മുമ്പ് ഇറ്റലിയുമായി നടന്ന ഫുട്ബാൾ മത്സരങ്ങളിലെല്ലാം ഇയാൾ സജീവമായി പങ്കെടുത്തിരുന്നു.