paris

പാരീസ് : 2015 നവംബർ 13ന് 130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ഭീകരാക്രമണത്തിലെ പ്രതി സലാ അബ്‌ദേസ്‌ലമിന് ( 32 ) ഫ്രഞ്ച് കോടതി പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ആക്രമണം നടത്തിയ 10 അംഗ ഐസിസ് ഭീകര സംഘത്തിലെ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് സലാ എന്ന് കരുതുന്നു. ബ്രസൽസിൽ ജനിച്ച ഇയാൾ ഫ്രഞ്ച് പൗരനാണ്. 490 പേർക്കാണ് പാരീസിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും പരിക്കേറ്റത്. 1994ന് ശേഷം ഫ്രാൻസിൽ പരോളില്ലാതെ ജീവപര്യന്തം ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് സലാ. ഭീകര സംഘത്തിലെ മറ്റുള്ളവർ സ്വയം മരിക്കുകയോ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയോ ആയിരുന്നു. ആക്രമണ ശേഷം ബ്രസൽസിൽ ഒളിവിൽ പോയ ഇയാളെ 2016ൽ ബെൽജിയൻ പൊലീസാണ് പിടികൂടിയത്. സലാ ആക്രമണങ്ങൾ ആസൂത്രം ചെയ്തെന്ന് പത്ത് മാസം നീണ്ട വിചാരണയിൽ ഫ്രഞ്ച് പൊലീസ് വാദിച്ചു. ഒടുവിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.