കാട്ടാക്കട: നടുറോഡിൽ വച്ച് അച്ഛനും മകനും ചേർന്ന് വൃദ്ധനായ മത്സ്യക്കച്ചവടക്കാരനെ ക്രൂരമായി മർദ്ദിച്ചു. കാട്ടാക്കട കിള്ളി നെയ്യാർ മെഡിസിറ്റി ആശുപത്രിക്ക് മുന്നിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മർദ്ദനമേറ്റ കിള്ളി സ്വദേശി കബീർ (65) ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കിള്ളി പള്ളിനട ഹൗസിൽ സഫീർ (45), മകൻ ജസീർ (21) എന്നിവരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. റോഡിലൂടെ പോകുകയായിരുന്ന കബീറിനെ പൊടുന്നനെ സഹീർ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി. കബീർ മർദ്ദനമേറ്റ് അവശനായി റോഡിൽ കിടക്കുന്ന വിവരമറിഞ്ഞ് മകൻ ഷബാബ് സ്ഥലത്തെത്തി ചോദ്യംചെയ്തു.
ഇതിനിടെ സഫീറിന്റെ മകൻ ജസീർ വെട്ടുകത്തിയുമായെത്തി ആക്രമണം നടത്തിയത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് സഫീർ,മകൻ ജസീർ എന്നിവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സഫീറിന് മർദ്ദനമേറ്റന്ന പരാതിയിൽ കബീർ, മകൻ ഷബാബ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു.