chocolate

ബ്രസൽസ് : ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെ വീസിൽ സ്ഥിതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ചോക്ലേ​റ്റ് പ്ലാന്റിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ലോകപ്രശസ്ത ബെൽജിയൻ - സ്വിസ് ചോക്ലേറ്റ് നിർമ്മാതാക്കളായ ബേരി കാൽബട്ടിന്റേതാണ് ഈ പ്ലാന്റ്.

ഇവിടെ ചോക്ലേ​റ്റ് നിർമാണം താത്കാലികമായി നിറുത്തിവച്ചു. ബെൽജിയത്തിലെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയത്. ജൂൺ 25ന് മുമ്പ് അയച്ച ചോക്ലേ​റ്റ് ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളായ വൻകിട കമ്പനികൾക്ക് പ്ലാന്റ് അധികൃതർ മുന്നറിയിപ്പ് നൽകി.

പ്ലാന്റിൽ നിന്ന് വ്യക്തികളിലേക്ക് നേരിട്ട് നൽകുന്നതിന് പകരം വൻകിട കമ്പനികൾക്ക് ലിക്വിഡ് ചോക്ലേറ്റ് മൊത്തവ്യാപാരം നടത്തുകയാണ് ചെയ്യുന്നത്. ഹെർഷെ, നെസ്‌ലെ, മൊൺഡേലസ്, യൂണിലെവർ തുടങ്ങിയ കമ്പനികൾ ഇവരിൽ നിന്ന് പ്രതിവർഷം ലക്ഷക്കണക്കിന് ടൺ ചോക്ലേ​റ്റും കൊക്കോയുമാണ് വാങ്ങുന്നത്.

2021 - 22 കാലയളവിൽ 2.2 ദശലക്ഷം ടൺ ചോക്ലേ​റ്റാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്തത്. ഏകദേശം 13,000ത്തിലേറെ ജീവനക്കാരുള്ള ബേരി കാൽബട്ടിന് ലോകമെമ്പാടും 60 നിർമ്മാണ പ്ലാന്റുകളാണുള്ളത്.