
റാന്നി: ഗ്രാമ പ്രദേശങ്ങളിൽ വ്യാജ മദ്യ വിൽപ്പന സുലഭമാകുന്നു. എക്സൈസ് -പൊലീസ് പരിശോധന കുറവെന്ന ആരോപണം ശക്തം. മലയോര മേഖല ഒരു കാലത്തു വ്യാജ വാറ്റു കേന്ദ്രങ്ങളായിരുന്നെങ്കിൽ ഇപ്പോൾ വിദേശ മദ്യമാണ് താരം. ബീവറേജുകളിൽ നിന്നും ഒന്നിലധികം ബ്രാൻഡുകൾ വാങ്ങി സൂക്ഷിച്ച ശേഷം ചെറിയ കുപ്പികളിലേക്ക് പകർത്തി അല്പം വെള്ളവും ചേർത്ത് വിൽപ്പന നടത്തുന്ന സംഘങ്ങളും വ്യാപകമാണ്.
ബാറുകളും, ബീവറേജുകളും തുറക്കുന്നതിനു മുമ്പും അടച്ചതിനു ശേഷവുമാണ് ഇത്തരം സംഘങ്ങൾ വിൽപ്പന നടത്തുന്നത്. അവധിയുള്ള ദിവസങ്ങൾ മുൻകൂട്ടി മനസിലാക്കി ഇത്തരക്കാർ കൂടുതൽ കുപ്പികൾ വാങ്ങി വച്ച ശേഷം വിൽപ്പന നടത്തുകയാണ് പതിവ്. ഇതിനിടയിൽ വ്യാജ വാറ്റ് നടത്തി വിൽപ്പന നടത്തുന്നവരുമുണ്ട്. കഴിഞ്ഞ കുറെ കാലമായി പൊതു സ്ഥലങ്ങളിൽ മദ്യപിക്കുന്നവരെ പിടികൂടുന്നതല്ലാതെ വിൽപ്പന കേന്ദ്രങ്ങളേയോ ആളുകളെയോ എക്സൈസോ, പൊലീസോ പിടികൂടുന്ന കാഴ്ച വിരളമാണ്.
ദൂര സ്ഥലങ്ങളിലെ ബീവറേജസിൽ പോയി ക്യൂ നിന്ന് സമയം പാഴാക്കി മദ്യം വാങ്ങുന്നതിലും ലാഭമായി വ്യാജവിൽപ്പന നടത്തുന്ന ആളിനെ സമീപിക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ബീവറേജസിൽ നിന്ന് വാങ്ങുന്ന ഒരു കുപ്പിക്ക് 200 മുതൽ 300 രൂപവരെ കൂട്ടി ആവശ്യക്കാർക്കു കൊടുക്കുകയാണ് പതിവ്. പതിവുകാരും മാസപ്പടിക്കാരുമുണ്ട് ഇക്കൂട്ടർക്കിടയിൽ. ഇത്തരക്കാർക്ക് ചില ബീവറേജസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മദ്യം അളവിൽ കൂടുതൽ നൽകാറുണ്ടെന്ന പരാതിയുമുണ്ട്.