
മലപ്പുറം: കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേക്കായി ജില്ലയിൽ ഭൂമിയേറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ത്രീ എ വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ തുടർനടപടികളിലേക്ക് കടന്ന് അധികൃതർ. വിജ്ഞാപനം വന്നതോടെ എടത്തനാട്ടുകര മുതൽ വാഴയൂർ വരെയുള്ള 304.59 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് അംഗീകാരമായി. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെട്ട വിജ്ഞാപനത്തിന്റെ പകർപ്പ് ഇന്നലെ വില്ലേജ് ഓഫീസുകൾക്ക് കൈമാറി. കേന്ദ്ര വിജ്ഞാപനം പരസ്യപ്പെടുത്തുന്നതോടെ പരാതിയുള്ളവർക്ക് 21 ദിവസത്തിനകം കോട്ടയ്ക്കലിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർക്ക് മുമ്പാകെ ബോധിപ്പിക്കാം. ഇക്കാര്യം പരിശോധിച്ച ശേഷം സർവേയർമാർ ഫീൽഡിൽ പരിശോധന നടത്തി അന്തിമ അലൈൻമെന്റ് തയാറാക്കും. ത്രീ ഡി വിജ്ഞാപനത്തോടെ ഭൂമി സർക്കാരിൽ നിക്ഷിപ്തമാകും.
ദേശീയപാത അതോറിറ്റി നഷ്ടപരിഹാരത്തുക നൽകിയ ശേഷമായിരിക്കും ഭൂമിയേറ്റെടുക്കൽ നടപടിയിലേക്ക് കടക്കുക. ഭൂമി, കെട്ടിടങ്ങൾ ഉൾപ്പെടെ എല്ലാ നിർമ്മിതികൾക്കും കാർഷിക വിളകൾക്കും മരങ്ങൾക്കും വെവ്വേറെ നഷ്ടപരിഹാരം നൽകും. ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും സംയുക്തമായാണ് നഷ്ടപരിഹാരം നൽകുക. ഗ്രീൻഫീൽഡ് പാതയുടെ നിർമ്മാണച്ചുമതല പാലക്കാട് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കാണ്. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി പാത കടന്നുപോകുന്ന ഓരോ ജില്ലയിലും ഡെപ്യൂട്ടി കളക്ടർമാരെയും നിയമിച്ചിട്ടുണ്ട്.
ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് പാതയ്ക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ മലപ്പുറം ജില്ലയിലും 62.2 കിലോമീറ്റർ പാലക്കാടും 6.48 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്. നിലവിലെ പാലക്കാട് - കോഴിക്കോട് ദേശീയപാതയ്ക്ക് സമാന്തരമായി കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിലൂടെയാണ് ഗ്രീൻഫീൽഡ് ദേശീയപാത കടന്നുപോകുക. രണ്ട് വർഷത്തിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് പണി ആരംഭിക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്. മേയ് 16നാണ് ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശം, അലൈൻമെന്റ് എന്നിവ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് കൈമാറിയത്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു.
ഭൂമിയേറ്റെടുക്കുന്ന പ്രദേശങ്ങൾ (സർവേ നമ്പറുകളുടെ എണ്ണം)
അരീക്കോട് ബ്ലോക്ക് 31 (95 ), ബ്ലോക്ക് 32 (152), ചെമ്പ്രശ്ശേരി ബ്ലോക്ക് 146 (138), ബ്ലോക്ക് 147 (34), എളങ്കൂർ ബ്ലോക്ക് 63 (59), ബ്ലോക്ക് 64 (98), ബ്ലോക്ക് 65 (57 ), കാവനൂർ ബ്ലോക്ക് 28 (169), പെരകമണ്ണ ബ്ലോക്ക് 68 (123), വെട്ടിക്കാട്ടിരി ബ്ലോക്ക് 143 (72), ചീക്കോട് ബ്ലോക്ക് 16 (24), ബ്ലോക്ക് 17 (103), മുതുവല്ലൂർ ബ്ലോക്ക് (15 (180), വാഴക്കാട് ബ്ലോക്ക് 18 (242), ബ്ലോക്ക് 19 (27), കാരക്കുന്ന് ബ്ലോക്ക് 66 (157), ബ്ലോക്ക് 67 (10), വാഴയൂർ ബ്ലോക്ക് 6 (51), കരുവാരകുണ്ട് ബ്ലോക്ക് 153 (73), പോരൂർ ബ്ലോക്ക് 142 (62), തുവ്വൂർ ബ്ലോക്ക് 149 ( 106), ബ്ലോക്ക് 150( 126), എടപ്പറ്റ വില്ലേജ് (31).
കോഴിച്ചെനയിലെ ദേശീയപാത ഏറ്റെടുക്കൽ വിഭാഗം ഓഫീസിൽ പരാതികൾ സ്വീകരിക്കുന്നതിന് കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. ആക്ഷേപമുള്ളവർക്ക് നേരിട്ടോ തപാൽ മുഖേനയോ പരാതികൾ നൽകാം. പരാതികൾ തീർപ്പാക്കിയ ശേഷമാകും അലൈൻമെന്റിലെ അന്തിമ വിജ്ഞാപനം.
സി. പത്മചന്ദ്രകുറുപ്പ്, ഡെപ്യൂട്ടി കളക്ടർ