
താനാളൂർ : ജനകീയ പിന്തുണയോട് കൂടി നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ദേവധാർ ഹയർസെക്കണ്ടറി സ്കൂളിലെ ഹൈടെക് കെട്ടിടത്തിന്റെ രണ്ടാംനില ഉദ്ഘാടന ചടങ്ങിൽ നിന്ന് വികസന സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.കെ.എം ഷാഫിയെ മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ച് ചടങ്ങ് യു.ഡി.എഫ് ബഹിഷ്ക്കരിക്കും. ജൂൺ ആറിന് തിങ്കളാഴ്ചയാണ് വിദ്യഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ്. സ്കൂളിന്റെ അക്കാദമിക് വിഷയത്തിലടക്കം സജീവമായി ഇടപെടുന്ന ജില്ലാ പഞ്ചായത്ത് അംഗത്തെ മാറ്റി നിർത്തിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടായിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി പൂർവ്വ വിദ്യാർത്ഥികളിൽ നിന്നടക്കം സംഭാവനകൾ സ്വീകരിച്ചാണ് കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ.വി മുയ്തീൻ കുട്ടി, പി.എസ് ഹമീദ് ഹാജി, ടി.പി റസാഖ്, പി. രത്നാകരൻ, പി.പി.ബഷീർ, മുഹ്സിൻ ബാബു ടി.പി.എം അറിയിച്ചു.