d

മ​ഞ്ചേ​രി: കാ​ല​വർ​ഷം ശ​ക്ത​മാ​വു​ന്ന​തോ​ടെ പു​ഴ​ങ്കാ​വ് ത​ട​യ​ണ നിർ​മ്മാ​ണം വീ​ണ്ടും നിറുത്തി​വ​ച്ചു. സ്​പാ​നു​ക​ളി​ലേ​ക്ക് ഷ​ട്ട​റു​കൾ ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള യ​ന്ത്ര സാ​മ​ഗ്രി​കൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് നിർമ്മി​ച്ച റോ​ഡ് ഒ​ലി​ച്ചു പോ​യ​തി​നെ തു​ടർ​ന്നാ​ണ് പ്ര​വൃ​ത്തി നിറുത്തി​വെ​ക്കേ​ണ്ടി​വ​ന്ന​ത്. നിർ​മ്മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു. റോ​ഡ് പു​നർ​നിർ​മി​ച്ച​തി​ന് ശേ​ഷ​മേ ഷ​ട്ട​റു​കൾ ഘ​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​രാ​നാ​വൂ. കാ​ല​വർ​ഷം അ​നു​കൂ​ല​മാ​വു​ന്ന​തോ​ടെ പ്ര​വൃത്തി​കൾ തു​ട​രും. നേ​ര​ത്തെ പു​ഴ​യിൽ വെ​ള്ളം ഉ​യർ​ന്ന സ​മ​യ​ത്തും പ്ര​വൃ​ത്തി നിറുത്തി​വെ​ച്ചി​രു​ന്നു. ഷ​ട്ട​റു​കൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. ഷട്ടറുകൾ സ്ഥ​ല​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ട​ലു​ണ്ടി പു​ഴ​ക്ക് കു​റു​കെ പ​യ്യ​നാ​ട് പു​ഴ​ങ്കാ​വ് ക​ട​വി​ലാ​ണ് ത​ട​യ​ണ നിർ​മി​ക്കു​ന്ന​ത്. കി​ഫ്​ബി​യിൽ ഉൾ​പ്പെ​ടു​ത്തി​ 2020 ജ​നു​വ​രി​യി​ലാ​ണ് പദ്ധതി ആ​രം​ഭി​ച്ച​ത്. 18 മാ​സ​ത്തി​നു​ള്ളിൽ പൂർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നിർ​ദ്ദേ​ശ​മെ​ങ്കി​ലും ഈ കാ​ല​യ​ള​യിൽ 50 ശ​ത​മാ​നം പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് പൂർ​ത്തീ​ക​രി​ക്കാ​നാ​യ​ത്. കൊ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തിൽ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാൻ സാ​ധി​ക്കാ​തി​രി​ക്കു​ക​യും ക​ന​ത്ത മ​ഴ​യിൽ പു​ഴ​യിൽ വെ​ള്ളം ഉ​യ​രു​ക​യും ചെ​യ്​ത​താണ് അന്ന് വില്ലനായത്. തുടർന്ന് ര​ണ്ട് മാ​സം മു​മ്പ് പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കുകയായിരുന്നു.

ത​ട​യ​ണ​യു​ടെ നിർമ്മാണം പൂർ​ത്തി​യാ​കു​ന്ന​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്​ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ഇ​തി​ന് പു​റ​മെ ഹെ​ക്ടർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും പ​യ്യ​നാ​ട് സ്‌​പോർ​ട്​സ് കോ​പ്ല​ക്​സി​ലേ​ക്കും വെ​ള്ളം എ​ത്തി​ക്കാ​നാ​കും.

നിർമ്മാണവും ചെലവും

കേ​ര​ള ഇ​റി​ഗേ​ഷൻ ഇൻ​ഫ്രാ കോർ​പ​റേ​ഷ​നാ​ണ് നിർ​മ്മാ​ണ ചു​മ​ത​ല. 12.80 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. പു​ഴ​ക്ക് കു​റു​കെ 70 മീ​റ്റർ നീ​ള​ത്തി​ലും അ​ഞ്ച് മീ​റ്റർ ഉ​യ​ര​ത്തിൽ വെ​ള്ളം കെ​ട്ടി നിറു​ത്താൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് നിർ​മ്മാണം പൂർ​ത്തി​യാ​ക്കു​ക. അ​ഞ്ച് ഷ​ട്ട​റു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. മു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങൾ​ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല. കാൽ​ന​ട​യാ​യി സ​ഞ്ച​രി​ക്കാൻ പ​റ്റു​ന്ന രീ​തി​യിൽ ര​ണ്ട​ര മീ​റ്റർ വീ​തി​യിൽ വ​ഴി​യു​ണ്ടാ​കും.