munduparamb
മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷൻ

മലപ്പുറം: ഗതാഗത കുരുക്കിനാൽ വീർപ്പുമുട്ടുകയാണ് ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് റോഡിന് വീതിയും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയായി മാറുന്നത്. നിരവധി ജംഗ്ഷനുകളും വാഹനപെരുപ്പവുമുള്ള മഞ്ചേരി നഗരത്തിന് ശ്വാസം മുട്ടലാരംഭിച്ചിട്ട് കാലമൊരുപാടായി. രണ്ട് ട്രാഫിക് സിഗ്നലുകളും വിവിധ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ട്രാഫിക് പൊലീസ് സേവനവും ഉണ്ടെങ്കിലും മഞ്ചേരിയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായിട്ടില്ല. പൊട്ടിപൊളിഞ്ഞതും വീതിയില്ലാത്തതുമായ റോഡുകളുമാണ് ഈ നഗരത്തിലെ പ്രതിസന്ധിക്ക് കാരണം. മഞ്ചേരിയിലെ കോഴിക്കോട്, മലപ്പുറം, നിലമ്പൂർ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. ഇതുവഴി മഞ്ചേരി മെഡിക്കൽ കോളേജിലേക്കെത്തുകയെന്നതും വളരെയധികം ദുഷ്കരമായി മാറിയിട്ടുണ്ട്. മെഡിക്കൽ കോളേജിലേക്കെത്തേണ്ട ആംബുലൻസുകളും വളരെയധികം ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോവുന്നത്.

സ്കൂൾ തുറന്നതോടെ വാഹനത്തിരക്ക് ഇരട്ടിയായി. വാട്ടർ അതോറിറ്റി അവരുടെ പ്രവൃത്തികൾക്കായി റോഡ് പൊളിച്ചതോടെയാണ് കൂടുതൽ ഭാഗങ്ങളും പൊട്ടിപൊളിഞ്ഞത്. എന്നാൽ പ്രവൃത്തി കഴിഞ്ഞ് മാസങ്ങളായിട്ടും മഞ്ചേരിയിൽ മാത്രം റോഡ് നവീകരണം ആരംഭിച്ചിട്ടില്ല. നഗരത്തിനെ ബന്ധിപ്പിക്കുന്ന മുഴുവൻ റോഡുകളുടേയും പണി പൂർത്തീകരിച്ചു. എന്നാൽ ഏറെ ജനത്തിരക്കുള്ള മഞ്ചേരി നഗരത്തിൽ തൽസ്ഥിതി തുടരുകയാണ്.

സിഗ്നൽ ലൈറ്റും വാഹനങ്ങളും

സെൻട്രൽ ജംഗ്ഷനിലും ജസീല ജംഗ്ഷനിലുമാണ് മഞ്ചേരിയിൽ സിഗ്നലിംഗ് സംവിധാനമുള്ളത്. സിഗ്നൽ ലൈറ്റ് മൂലം ജംഗ്ഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പറ്റുന്നുണ്ടെങ്കിലും റോഡിന്റെ വീതികുറവ് ഇടതു ഭാഗത്ത് കൂടെയുള്ള സഞ്ചാരം പ്രതിസന്ധിയിലാക്കുന്നു. രാവിലെയും വൈകീട്ടും അമിത തിരക്കുണ്ടാവുന്നതിനാൽ നിരവധി വാഹനങ്ങളാണ് ഒരേ സമയം സിഗ്നനലിൽ എത്തുന്നത്. റോഡിന്റെ വീതി കുറവ് കൊണ്ടും ഡ്രൈവർമാരുടെ ശ്രദ്ധയില്ലായ്മയിലും ഇടതുഭാഗത്തും വാഹനങ്ങൾ നിൽക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇതുമൂലം ഇടതുഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവരും സിഗ്നൽ ലൈറ്റിൽ പച്ച കത്തുന്നതിനായി കാത്തിരിക്കണം.

മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷനും വേണ്ടേ സിഗ്നൽ ലൈറ്റ് ?

മലപ്പുറം നഗരത്തെ ബന്ധിപ്പിക്കുന്ന മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷനിലെ വാഹനത്തിരക്കും വാഹനങ്ങളുടെ സഞ്ചാരവും ഏറെ ഭീതിപ്പെടുത്തുന്നതാണ്. നാല് റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരിഞ്ഞുപോവുന്ന ഇവിടം സിഗ്നൽ ലൈറ്റ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഒരുമിച്ചെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാദ്ധ്യതയുണ്ടെന്നതാണ് ഭീതിപ്പെടുത്തുന്ന കാര്യം. രാത്രിയിൽ നിരവധി ചരക്കുവാഹനങ്ങൾ കടന്നപോകുന്നതും ഇതുവഴിയാണ്. മലപ്പുറം ടൗണിൽ നിന്നടക്കമെത്തുന്ന യാത്രക്കാർക്ക് പെട്ടന്ന് ഇരു വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കില്ല. രാവിലെയും വൈകീട്ടും വാഹനങ്ങൾ അമിതമായെത്തി ബ്ലോക്ക് ഉണ്ടാവുന്നതും സ്ഥിരം കാഴ്ച്ചയാണ്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതോടെ സുഗമമായ രീതിയിൽ വാഹനങ്ങൾക്ക് കടന്നു പോവാനും അപകടങ്ങൾ ഒഴിവാക്കാനുമാകും.