
പെരിന്തൽമണ്ണ: മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ചും സംയുക്തമായി പുലാമന്തോൾ വളപുരം ഭാഗത്തുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടര കിലോഗ്രാം കഞ്ചാവും രണ്ട് ലിറ്റർ ചാരായവും പിടികൂടി. സംഭവത്തിൽ പുലാമന്തോൾ പഞ്ചായത്തിലെ വളപുരം വാൽപറമ്പിൽ വീട്ടിൽ വിവേകാനന്ദനെ(36) പെരിന്തൽമണ്ണ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് അബ്ദുൽ സലിം അറസ്റ്റ് ചെയ്തു. വളപുരം, ഓണപ്പുട, പുലാമന്തോൾ, പാലൂർ ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവും വ്യാജ മദ്യവും വില്പനയും നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗമോ വാടകക്കെടുത്ത ആഡംബര കാറുകളിലോ ആണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നത്. എത്തിക്കുന്ന കഞ്ചാവ് പിന്നീട് ആളൊഴിഞ്ഞ വീടുകളിലും വാടക ക്വാട്ടേഴ്സുകളിലും സൂക്ഷിച്ച് വിൽപ്പന നടത്തുകയാണ് പതിവ്. സംഘത്തിലെ മറ്റ് ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ അജികുമാർ, പ്രിവന്റീവ് ഓഫീസർ വി. കുഞ്ഞിമുഹമ്മദ്, ഐ.ബി. പ്രിവന്റീവ് ഓഫീസർ ഡി. ഷിബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്. അരുൺകുമാർ, സുരേഷ്ബാബു. സി, മുഹമ്മദ് ഹബീബ്, രാജേഷ്. എ.കെ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.