
മലപ്പുറം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ മലപ്പുറം യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ ലുക്ക് ഔട്ട് നോട്ടീസ് മാർച്ചിൽ സംഘർഷം. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. പ്രതിഷേധവുമായി എസ്.പി ഓഫീസ് റോഡിലേക്ക് എത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി ലുക്ക് ഔട്ട് നോട്ടീസുകൾ പതിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം സമീപത്തെ മതിൽ ചാടിക്കടന്ന് ബാരിക്കേഡിന് അപ്പുറത്തേക്ക് പ്രവേശിക്കാൻ നോക്കവെ പൊലീസും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരിലൊരാൾ പൊലീസിന്റെ ഷീൽഡിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. എം.എസ്.പി സെന്റിനറി പൊലീസ് മ്യൂസിയത്തിന്റെ ബോർഡിലും പ്രവർത്തകർ നോട്ടീസ് പതിക്കുകയുണ്ടായി. ഏറെ നേരത്തെ സംഘർഷത്തിന് ശേഷം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നും പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഷരീഫ് കുറ്റൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ അബ്ദുൽ ലത്തീഫ്, ബാവ വിസപ്പടി, ഗുലാം ഹസ്സൻ ആലംഗീർ, എം.എസ്.എഫ് ഭാരവാഹികളായ കബീർ മുതുപറമ്പ്, പി.എ വഹാബ് എന്നിവർ പങ്കെടുത്തു.