
നിലമ്പൂർ: വഴിക്കടവ് രണ്ടാംപാടത്ത് കൃഷിയിടത്തിലേക്കിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തി. ചൂരക്കോടൻ മൊയ്തീന്റെ തോട്ടത്തിലെ 30 ഓളം കായ് ഫലമുള്ള തെങ്ങ്, പ്ലാവ് കൃഷികൾ നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആനക്കൂട്ടം കൃഷിയിടത്തിലെത്തിയത്. മൊയ്തീൻ ഉൾപ്പടെയുള്ള നാട്ടുകാർ ഏറെ നേരം ബഹളം വച്ചതോടെയാണ് ആനക്കൂട്ടം കാടുകയറിയത്. നെല്ലിക്കുത്ത് വനാതിർത്തിയിൽ വനം വകുപ്പ് ട്രഞ്ചും സോളാർ വേലിയും സ്ഥാപിച്ചിരുന്നെങ്കിലും കാലപ്പഴക്കത്താൽ നശിച്ചിട്ടുണ്ട്. അത്തിതോട് കടന്നാണ് ആനക്കൂട്ടം പതിവായി പ്രദേശങ്ങളിലിറങ്ങുന്നത്. മേഖലയിൽ കാട്ടാന, കാട്ടുപന്നി ശല്യം മൂലം കൃഷിചെയ്യാൻ കഴിയുന്നില്ലെന്നും ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.