
നിലമ്പൂർ: മമ്പാട് ടൗണിലെ തുണിക്കടയിൽ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ തുണിക്കട ഉടമയടക്കം 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കോട്ടയ്ക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മാന്റെ(29) മൃതദേഹമാണ് ശനിയാഴ്ച്ച ഉച്ചയ്ക്ക് 12ഓടെ മമ്പാട് ടൗണിലെ തുണിക്കടയുടെ ഒന്നാംനിലയിലെ ഗോഡൗണിൽ കണ്ടെത്തിയത്. കിഴിശ്ശേരിയിൽ ഇൻഡസ്ട്രിയലിൽ ജോലിയെടുക്കുന്ന മുജീബ് ഭാര്യ രഹനയുടെ പാണ്ടിക്കാട്ടെ വീട്ടിലായിരുന്നു താമസം. ബാങ്കിൽ മുക്കുപണ്ടം പണയം വച്ച കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ പൊലീസിനെ കബളിപ്പിച്ചു നടക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഭാര്യയുമായി ബന്ധമുണ്ടായിരുന്നില്ല. ഇൻഡസ്ട്രിയൽ പ്രവൃത്തിക്കായി കമ്പി വാങ്ങിയ കടയിൽ 1.5 ലക്ഷം രൂപ കൊടുക്കാനുണ്ട്. തുണിക്കടയുടെയും ഹാർഡ് വെയർ കടയുടെയും ഉടമ ഒരാളാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിലെ ജീവനക്കാർ മുജീബിന്റെ ഭാര്യവീട്ടുകാർക്ക് ഇയാളുടെ കൈകൾ രണ്ടും കയറുപയോഗിച്ച് കെട്ടിയ ദൃശ്യം സോഷ്യൽ മീഡിയ വഴി അയച്ചു കൊടുത്തിരുന്നു. രണ്ടുദിവസം കസ്റ്റഡിയിൽ വച്ച ശേഷം പൊലീസിൽ ഏൽപ്പിക്കുമെന്നും അറിയിച്ചിരുന്നു.