
മലപ്പുറം: നിലമ്പൂർ ഷൊർണൂർ പാതയിൽ പുനഃസ്ഥാപിക്കുന്ന ട്രെയിൻ സർവീസുകളുടെ സമയക്രമം യാത്രക്കാർക്ക് ഉപകാരപ്രദമായി പുനക്രമീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് സി.പി.എം പ്രക്ഷോഭത്തിലേക്ക്. 23ന് വൈകിട്ട് നാലിന് നിലമ്പൂർ, വാണിയമ്പലം, മേലാറ്റൂർ, അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൊവിഡിന് മുമ്പുണ്ടായിരുന്ന സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ പഴയ സമയക്രമം പാലിക്കുക, പാസഞ്ചർ ട്രൈയിനുകൾ പുനഃസ്ഥാപിക്കുക, പാതയുടെ സ്വകാര്യവൽക്കരണ നീക്കത്തിൽ നിന്ന് റെയിൽവെ പിന്മാറുക, രാജ്യറാണി എക്സ്പ്രസ്സ് സർവീസ് കൊച്ചുവേളിക്ക് പകരം തിരുവനന്തപുരം സെൻട്രൽ വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ. യോഗത്തിൽ വി രമേശൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.എൻ.മോഹൻദാസ്, പാലോളി മുഹമ്മദ് കുട്ടി സംസാരിച്ചു.