 
തവനൂർ: ഹയർ സെക്കൻഡറി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരീക്ഷ എഴുതിയ 192 വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടി നൂറ് ശതമാനം വിജയവുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ. തുടർച്ചയായ 14-ാം തവണയാണ് ഈ നേട്ടം.
ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും 62 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 25 കുട്ടികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസിന് അർഹരായി. ഈ വിജയം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്റെയും കഴിവുറ്റ അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സമർപ്പണത്തിന്റെയും ഫലമാണെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവുഹാജി, സെക്രട്ടറി കെ.കെ.എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ എന്നിവർ പറഞ്ഞു.