school
കടുവാളൂർ എ.എം.എൽ.പി സ്കൂൾ അദ്ധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ലൈബ്രറി പരിശോധിക്കുന്നു

തിരൂരങ്ങാടി: വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂളിൽ വിവിധ പദ്ധതികളുമായി സ്കൂൾ അധികൃതർ. ഇതിന്റെ ഭാഗമായി വീടുകളിൽ ലൈബ്രറിയൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഒരുക്കുന്ന ലൈബ്രറി അദ്ധ്യാപകർ നേരിട്ട് സന്ദർശിച്ചാണ് മാർക്കിടുന്നത്. ഏറ്റവും നന്നായി ലൈബ്രറിയൊരുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകുന്നുണ്ട്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇക്കോ ഫ്രണ്ട്ലി കലാലയം എന്നപേരിൽ പ്രസിദ്ധി നേടിയ ഈ സ്‌കൂൾ പഠന നിലവാരത്തിലും താനൂർ സബ് ജില്ലയിൽ ഏറെ മുൻപന്തിയിലാണ്. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരങ്ങളിൽ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിരമായി ഒന്നാം സ്ഥാനം നേടുന്നത് ഈ സ്‌കൂളാണ്. ഓരോ ക്ലാസിലും കുട്ടികൾക്ക് വായിക്കാൻ വായനാമൂലയും ഒരുക്കിയിരുന്നു. അക്ഷരങ്ങൾ കോർത്ത് സ്‌കൂൾ മുറ്റത്തെ മരങ്ങളിൽ അക്ഷരമരങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വായിച്ച പുസ്തകങ്ങളെ അസംബ്ലിയിൽ പരിചയപ്പെടുത്തുന്ന പദ്ധതിയും നിലവിലുണ്ട്.

എല്ലാവർഷവും അമ്മമാർക്ക് വായനാകുറിപ്പ് മത്സരവും നടത്തിവരുന്നു. രക്ഷിതാക്കളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി രണ്ടായിരത്തോളം പുസ്തകങ്ങളുമായി സ്‌കൂളിൽ ലൈബ്രറി ഒരുക്കിയിട്ടുണ്ട്. പ്രധാനാദ്ധ്യാപകൻ എ.പി അബ്ദുസ്സമദ്, എഴുത്തുകാരിയും അദ്ധ്യാപികയുമായ കെ.എം ഹാജറ, ഉഷ, മുനീർ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.