sivadasa-menon

മലപ്പുറം: വള്ളുവനാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പുസ്തകമാക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോൻ വിട പറഞ്ഞത്. പുസ്തകമെഴുത്തിനുള്ള ആശയങ്ങളെല്ലാം മനസിൽ കുറിച്ചിട്ടെങ്കിലും അത് കടലാസിലേക്ക് പകർത്തുംമുമ്പ് അദ്ദേഹം യാത്രയായി.

90ാം ജന്മദിനത്തിൽ മഞ്ചേരിയിലെ മകളുടെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ തന്നോട് ഈ മോഹം പങ്കുവച്ചിരുന്നെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. 1964ൽ കമ്യൂണിസ്റ്ര് പാർട്ടിയിൽ പിളർപ്പുണ്ടായി വള്ളുവനാട്ടിൽ പ്രധാന നേതാക്കളെല്ലാം സി.പി.ഐയിൽ നിന്നപ്പോൾ പെരിന്തൽമണ്ണ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട് മേഖലകളിലെ സി.പി.എമ്മിന്റെ മുഖ്യപ്രചാരകനായിരുന്നു ശിവദാസമേനോൻ. വള്ളുവനാട്ടിലെ മുൻകാല രാഷ്ട്രീയ സംഭവങ്ങളും പാർട്ടിയുടെ സംഭാവനകളെയും കുറിച്ചായിരിക്കാം പുസ്തകത്തിലേക്ക് അദ്ദേഹം കരുതിവച്ചതെന്നും വിജയരാഘവൻ പറഞ്ഞു.

ഇക്കഴിഞ്ഞ 14 നായിരുന്നു ശിവദാസമേനോന്റെ 90ാം ജന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെ കടന്നുപോയി. അദ്ധ്യാപകരുടെ അവകാശ സമരങ്ങളിലൂടെയായിരുന്നു കെമസ്ട്രി അദ്ധ്യാപകനായിരുന്ന ശിവദാസമേനോന്റെ രാഷ്ട്രീയ പ്രവേശനം. എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് സർക്കാർ മുഖേന ശമ്പളം നൽകണമെന്ന സമരത്തിന്റെ മുൻനിര പോരാളിയായിരുന്നു.