 
മലപ്പുറം: വന്യജീവി സങ്കേതത്തോടും വനമേഖലാ പ്രദേശങ്ങളോടും ചേർന്ന ഒരുകിലോമീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിക്കാനുള്ള നടപടിയിൽ പശ്ചിമഘട്ട കർഷക സംരക്ഷണ സമിതി കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. മാനന്തവാടി, താമരശ്ശേരി രൂപതകളിലെ ജനങ്ങളാണ് പ്രതിഷേധിച്ചത്. പശ്ചിമഘട്ട കർഷക സംരക്ഷണ സമിതി ജില്ലാ ജനറൽ കൺവീനർ മോൺ. തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ആശങ്കയകറ്റാൻ സത്വര നടപടി ഉണ്ടാകണമെന്നും ബഫർസോൺ പരിധിയിൽ നിന്ന് ജനവാസ കേന്ദ്രം പൂർണമായും ഒഴിവാക്കണമെന്നും മോൺ. തോമസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് മലയോര കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. താമരശ്ശേരി രൂപതാ വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര അദ്ധ്യക്ഷത വഹിച്ചു. ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി. ബീന ജോസഫ്, ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ജോസ് കാര്യങ്കൽ പ്രസംഗിച്ചു.
ബഫർ സോണിനെതിരെ വൻജനാവലി
പാസ്‌പോർട്ട് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കളക്ടറേറ്റ് പരിസരത്ത് പൊലീസ് തടഞ്ഞു. പ്രതിഷേധ പന്തലിലെ പ്രസംഗം കേൾക്കാനായി പ്രതിഷേധക്കാരെല്ലാം റോഡിൽ തമ്പടിച്ചതോടെ ഗതാഗതം തടസപ്പെട്ടു.
ജില്ലയിലെ വിവിധ പ്രദേശങ്ങൾ ബഫർ സോൺ പരിധിയിൽ ഉൾപ്പെട്ടേക്കാം. നിലമ്പൂരിലെ കരിമ്പുഴ വന്യജീവി സങ്കേതമാണ്. കരിമ്പുഴക്ക് ചുറ്റും നിരവധിയാളുകൾ താമസിക്കുന്നുണ്ട്. ബഫർസോൺ നിയമം വരുമ്പോൾ ഇവരെല്ലാം എന്ത് ചെയ്യും?. ഊർങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറയും കക്കാടംപൊയിൽ ഭാഗവുമെല്ലാം വനപ്രദേശങ്ങളാണ്. ഒരു നിയമം കൊണ്ടുവരുമ്പോൾ വിശദമായി അത് അവതരിപ്പിക്കുകയെങ്കിലും ചെയ്യണം.
- ഫാ. സെബാസ്റ്റ്യൻ,
പശ്ചിമഘട്ട കർഷക സംരക്ഷണ സമിതി