 
മഞ്ചേരി: സരസമായ സംസാര ശൈലി കൊണ്ടും ഉറച്ച നേതൃത്വ പാടവം കൊണ്ടും കേരള രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ച മുതിർന്ന സി. പി.എം നേതാവ് ടി. ശിവദാസമേനോന് വിട. മകൾ ലക്ഷ്മീദേവിയുടെ മഞ്ചേരി കച്ചേരിപ്പടിയിലെ വീട്ടിലായിരുന്നു 12 വർഷമായി കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവിന്റെ വിശ്രമജീവിതം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും ചൊവ്വാഴ്ച്ച ഉച്ചക്ക് 2.15ടെയാണ് മഞ്ചേരിയിലെ വീട്ടിലേക്ക് മൃതദേഹമെത്തിച്ചത്. ഭാര്യ ഭവാനിയമ്മയുടെ ശവകുടീരത്തിനരികെ വീട്ടുവളപ്പിലാണ് ശിവദാസമേനോനും അന്ത്യവിശ്രമമൊരുക്കുക. കേരളത്തിലുടനീളം രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്ന രസതന്ത്രം അദ്ധ്യാപകൻ കൂടിയായ ശിവദാസമേനോന് അന്തിമോപചാരമർപ്പിക്കാൻ മുതിർന്ന രാഷ്ട്രീയ നേതാക്കളുൾപെടെ നിരവധി പേരാണ് മഞ്ചേരിയിലെ വീട്ടിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ അന്തിമോപചാരമർപ്പിക്കും.
കർമ്മമണ്ഡലം പാലക്കാടായിരുന്നെങ്കിലും അദ്ധ്യാപക സംഘാടന വേളയിലും മന്ത്രിയായ സമയത്തും മലപ്പുറത്തിന്റെ വികസന ചരിത്രത്തിൽ തന്റേതായ കൈയ്യൊപ്പു ചാർത്തിയാണ് ശിവദാസ മേനോൻ വിടവാങ്ങുന്നത്. ഭരണാധികാരിയായും പാർട്ടി പ്രവർത്തകനായും പ്രഭാഷകനായും ജില്ലയിൽ സ്ഥിര സാന്നിധ്യമായി. പാലക്കാട്ടു നിന്നെത്തി മലപ്പുറത്തിന്റെ മുക്കിലും മൂലയിലും പാർട്ടി പ്രവർത്തനവുമായി അദ്ധേഹം സജീവമായി. മികച്ച സംഘാടകൻ, പ്രഭാഷകൻ, ഭരണാധികാരി, അദ്ധ്യാപകൻ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളിലെല്ലാം ജില്ലക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ ശിവദാസമേനോൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.
ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ (കെ.പി.ടി.യു) സ്ഥാപക നേതാവായിരുന്ന അദ്ദേഹം അദ്ധ്യാപകർക്കിടയിൽ സംഘടന പാടവം പകർന്നു നൽകാനും സംഘടനയെ കെട്ടിപ്പടുക്കാനും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാനും തന്നാലാവുന്നതെല്ലാം ചെയ്തു.
ജില്ലയിൽ സി.പി.എമ്മിന്റെ വളർച്ചയിലും നയരൂപീകരണത്തിലും നിർണായക ഘടകമായി മാറി. വിശ്രമജീവിതത്തിനിടയിലും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അദ്ധേഹത്തിന്റെ ഇടപെടൽ ഉണ്ടായി. സംസ്ഥാന തല നിർണ്ണായക ചർച്ചകൾക്കും ഉപദേശങ്ങൾക്കുമായി നേതാക്കൾ മഞ്ചേരിയിലെ വീട്ടിലെത്തുന്നതും പതിവായിരുന്നു.
ജില്ലയുടെ വികസനത്തിനായി...
മന്ത്രിയായ വേളയിൽ ജില്ലക്ക് അനിവാര്യമായ വികസനം എത്തിച്ചു നൽകുന്നതിൽ ശിവദാസമേനോൻ കൃത്യമായ ശ്രദ്ധ കാണിച്ചിരുന്നു.
1987ൽ കന്നിയങ്കത്തിൽ തന്നെ വിജയിച്ച് ഇ.കെ നായനാരുടെ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായപ്പോൾ ജില്ലയുടെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ മുന്നിട്ടിറങ്ങി. 1996 - 2001 കാലഘട്ടത്തിൽ രണ്ടാം നായനാർ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തപ്പോഴും മലപ്പുറത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു.
പയ്യനാട് ഫുട്‌ബോൾ സ്റ്റേഡിയത്തിന് പിറവിക്ക് പിന്നിലും ശിവദാസമേനോന്റെ കരങ്ങളുണ്ട്. 1999- 2000 ബഡ്ജറ്റിൽ സ്റ്റേഡിയം നിർമാണത്തിനായി ഏഴ് കോടി രൂപയാണ് അനുവദിച്ചത്. പുനർജ്യോതി പിന്നാക്ക വിഭാഗത്തിലെ നിർധനകുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനായി നടപ്പാക്കിയ പുനർജ്യോതി പദ്ധതി ആയിരങ്ങൾക്ക് വെളിച്ചം നൽകി.
അരീക്കോട് ഐ.ടി.ഐയിൽ സ്ഥാപിച്ച 220 കെവി സബ്സ്‌റ്റേഷൻ വൈദ്യുതി വിതരണ മേഖലയിൽ പുത്തനുണർവേകി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ ഇതുവഴി സാധിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനായി അരീക്കോട്, മഞ്ചേരി, കിഴിശ്ശേരി, നിലമ്പൂർ എന്നിവിടങ്ങളിലും കെ.എസ്.ഇ.ബി സബ്സ്‌റ്റേഷനുകൾ സ്ഥാപിച്ചു. സേവനങ്ങൾ കാര്യക്ഷമമാക്കാനായി ചീഫ് എൻജിനിയർമാർക്കായി വിവിധയിടങ്ങളിൽ ഓഫീസുകളും തുറന്നതും വൈദ്യുതി ഉൾഗ്രാമങ്ങളിലേക്ക് എത്തിക്കാൻ സഹായകരമായി.
ഗ്രാമവികസത്തിന് ഉണർവേകുന്ന നിരവധി പദ്ധതികളും ശിവദാസമേനോന്റെ കാലഘട്ടത്തിൽ ജില്ലയിലെത്തി. വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾക്ക് സ്വന്തം കെട്ടിങ്ങളായി. ഗ്രാമവികസനം കാര്യക്ഷമമാക്കാനായി പഞ്ചായത്തുകൾ തോറും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുമാരെ നിയമിച്ചതും വികസനം വേഗത്തിലാക്കി.