
മലപ്പുറം: കരിപ്പൂർ എയർപോർട്ട് വഴി കടത്താൻ ശ്രമിച്ച 92.14 ലക്ഷം രൂപ വിലവരുന്ന 1.75 കിലോ സ്വർണ്ണം എയർപോർട്ടിന് പുറത്തുനിന്ന് പൊലീസ് പിടികൂടി. എയർ അറേബ്യ എക്‌സ്പ്രസിൽ ഇന്നലെ അബൂദാബിയിൽ നിന്നും കാലിക്കറ്റ് എയർപോട്ടിലെത്തിയ വണ്ടൂർ സ്വദേശി മുസാഫിർ അഹമ്മദിൽ (40) നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഇസ്തിരിപെട്ടിയിലെ ഹീറ്റിംഗ് കോയിൽ കെയ്‌സിൽ സ്വർണ്ണം ഉരുക്കി ഒഴിച്ച് ഇരുമ്പ് ഷിറ്റ് കൊണ്ട് വെൽഡ് ചെയ്ത രൂപത്തിലായിരുന്നു സ്വർണ്ണം സൂക്ഷിച്ചിരുന്നത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് കോയിൽ പൊളിച്ചെടുത്തത്. സ്വർണ്ണത്തിന് കോയിൽ കെയ്‌സിന്റെ അതേ രൂപമായിരുന്നു. എയർ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ മുസാഫിറിനെ സ്പെഷൽ പൊലീസ് സ്ക്വാഡാണ് പിടികൂടിയത്. തന്റെ റൂം മേറ്റിന്റെ സുഹൃത്തും കോഴിക്കോട് സ്വദേശിയുമായ ഷഫീഖ് ബന്ധുവിനായി കൊടുത്ത വിട്ടതാണ് ഇസ്തിരിപെട്ടിയെന്ന് ചോദ്യം ചെയ്യലിൽ മുസാഫർ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് കരിപ്പൂർ എയർപോർട്ടിന് പുറത്ത് നിന്നും പൊലീസ് പിടികൂടിയ 42-ാമത്തെ കേസാണിത്.