inogration

പാലക്കാട്: നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകൾ പൂർണതോതിൽ തുറന്നതോടെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയുമായി എക്‌‌സൈസ് വകുപ്പ്. റേഞ്ചുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള പരിശോധന കൂടാതെ മിന്നൽ പരിശോധനയും നടത്തുമെന്ന് അധികൃത‌ർ പറ‌ഞ്ഞു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള കടകളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ വിൽക്കുന്നത് വ്യാപകമാണ്. പുകയില ഉല്പന്നങ്ങളുടെ നിരോധിത മേഖലയായി സ്‌കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹാൻസ് അടക്കം ഇവിടെ ലഭിക്കുമെന്നതാണ് വാസ്തവം. ഇത്തരത്തിൽ ലഹരി എത്തിക്കുന്ന സംഘത്തെ പിടികൂടുന്നതിന്റെ ഭാഗമായാണ് വിമുക്തിയുടെ ഭാഗമായി പരിശോധന ആരംഭിച്ചിരിക്കുന്നത്. കൂടാതെ വിദ്യാർത്ഥികൾക്ക് ലഹരി ഉപയോഗം സംബന്ധിച്ച് ബോധവത്കരണവും നൽകും.

എല്ലാതരം ലഹരി വസ്തുക്കളും സുലഭം

ഹാൻസ്, കഞ്ചാവ് മാത്രമല്ല സിന്തറ്റിക് ഡ്രഗ്, എം.ഡി.എം.എ എന്നിവയെല്ലാം ശുലഭമായി ലഭ്യമാകുന്നതിനാൽ വിദ്യാ‌ർത്ഥികൾക്കിടയിൽ ഇവയുടെ ഉപയോഗവും കൂടുതലാണ്. എക്‌സൈസ് വകുപ്പ് ഇത്തരം ഉല്പന്നങ്ങൾ നിരന്തരം പിടികൂടുന്നു എന്നത് ഇവ വിപണികളിൽ ലഭ്യമാണെന്നതിന് തെളിവാണ്. കാഴ്ചയിൽ കൽക്കണ്ടം പോലുള്ള എം.ഡി.എം.എ ഒരുഗ്രാമിന് 4000 രൂപയാണ് വില. ഇവ ഒളിപ്പിക്കാൻ പ്രയാസമില്ലാത്തതാണ് വിദ്യാർത്ഥികളെ വാങ്ങാൻ പ്രേരിപ്പിക്കുന്നതും. ഇത്തരത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നത് തടയുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.

വിമുക്തിയുടെ ഭാഗാമായി ലഹരിവിമുക്തം വിദ്യാലയം എന്ന ലക്ഷ്യവുമായി 'ലക്ഷ്യം ഉയരിത്താലാണ് കാലിടറാതെ നമുക്ക് മുന്നേറാം, വഴി കാട്ടാൻ നിങ്ങൾക്കൊപ്പം' എന്ന സന്ദേശം എഴുതിയ ഗ്രീറ്റിംഗ് കാർഡുകൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഇന്നലെ ജില്ലയിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പരാതികൾക്ക് വിളിക്കാൻ ഫോൺ: 9061178000, 9447178000, ടോൾ ഫ്രീ നമ്പർ: 14405' എന്നിവ കാ‌ഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.

കെ.ആർ.അജിത്ത്, ജില്ലാ സെക്രട്ടറി, കേരള സ്റ്റേറ്റ് എക്‌‌സൈസ് ഓഫീസേഴ്സ് അസോ.