photo

പാലക്കാട്: ഷാലിമാറിൽ നിന്ന് ട്രെയിനിൽ പാലക്കാട്ടേക്ക് ബുക്ക് ചെയ്തു കടത്തിയ 575 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോ, എക്‌‌സൈസ് എന്നിവ സംയുക്തമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് 25 ലക്ഷത്തിലധികം വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഷാലിമാർ തിരുവനന്തപുരം എക്‌‌സ്‌പ്രസിൽ 12 ചാക്ക് പാർസൽ എത്തിയത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് 12 വരെയും ഇത് എടുക്കാൻ ഉടമസ്ഥർ വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. തുടർന്ന് ഇവ എക്‌‌സൈസിനു കൈമാറി. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ വൻതോതിൽ ലഹരി വസ്തുക്കൾ എത്താൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കിയതായി ആർ.പി.എഫ് അറിയിച്ചു. ആർ.പി.എഫ് സി.ഐ എൻ.കേശവദാസ്, എസ്‌.ഐ എ.പി.ദീപക്, അജിത് അശോക്, എ.എസ്‌.ഐ കെ.സജു, ഹെഡ്‌കോൺസ്റ്റബിൾ എൻ.അശോക്, കോൺസ്റ്റബിൾ എ.സവിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.