school

 സ്‌കൂളുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന അടുത്ത ആഴ്ചമുതൽ

പാലക്കാട്: സ്‌കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്. വിദ്യാർത്ഥികൾക്ക് നൽകുന്നത് നല്ല ഭക്ഷണമാണോ സുരക്ഷയും ശുചിത്വവും പാലിച്ചാണോ തയ്യാറാക്കുന്നത് എന്നിവ പരിശോധിക്കും. കൂടാതെ കുടിവെള്ളത്തിന്റെ ഗുണമേന്മയും പരിശോധിക്കും. സ്‌കൂളുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളം അംഗീകൃത ലാബുകളിൽ പരിശോധിക്കാൻ സ്‌കൂൾ അധികൃതരോട് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുക. സ്‌കൂളുകളിൽ സൂക്ഷിച്ചിരിക്കുന്ന അരി, ധാന്യങ്ങൾ എന്നിവയുടെ ഗുണമേന്മ കൃത്യമായി പരിശോധിക്കും. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ കണ്ടെത്തിയാൽ അവ ഉപയോഗിക്കാൻ അനുവദിക്കില്ല. അതത് മേഖലകളിലെ ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണർമാർ പരിശോധനകൾക്ക് നേതൃത്വം നൽകും.

ശ്രദ്ധിക്കേണ്ടവ

 ഭക്ഷ്യവസ്തുക്കളുടെ ചാക്കുകൾ നിലത്തുവയ്ക്കരുത്

 ധാന്യങ്ങൾ സൂക്ഷിക്കുന്ന മുറി വൃത്തിയായും ഈർപ്പരഹിതമായും നിലനിർത്തുക

 ഭക്ഷ്യസാധനങ്ങൾ അടപ്പുള്ള കുപ്പികളിൽ മാത്രം സൂക്ഷിക്കുക

 ഭക്ഷണം വയ്ക്കുന്ന പാത്രങ്ങൾ വൃത്തിയായി കഴുകി, ഉണക്കി സൂക്ഷിക്കുക

 പച്ചക്കറികളിലെ കീടനാശിനി ഒഴിവാക്കാൻ അരമണിക്കൂറെങ്കിലും വെള്ളത്തിലിട്ടുവെച്ച ശേഷം കഴുകി ഉപയോഗിക്കുക.

 ഭക്ഷണം പാചകം ചെയ്യുന്നവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്കൂൾ അധികൃതരെ കാണിക്കണം.

 തിളപ്പിച്ചാറിയ പാൽ മാത്രം വിദ്യാർത്ഥികൾക്ക് നൽകുക

 പഴകിയതും നിറവ്യത്യാസമുള്ളതുമായ കോഴിമുട്ടകൾ നൽകരുത്

 ചെറിയ രീതിയിലുള്ള ദുർഗന്ധമുള്ള ഒരു ഭക്ഷ്യസാധനങ്ങളും പാചകത്തിന് ഉപയോഗിക്കരുത്.

 പരിശോധന അടുത്ത ആഴ്ച ആരംഭിക്കും. അടുക്കള, ധാന്യങ്ങൾ സൂക്ഷിക്കുന്ന സ്ഥലം എന്നിവയുടെ ശുചിത്വം, പാചകക്കാരുടെ ആരോഗ്യം എന്നിവ കർശനമായി പരിശോധിക്കും.

വി.കെ.പ്രദീപ് കുമാർ,

അസിസ്റ്റന്റ് കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ്, പാലക്കാട്