സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ട്രാൻസ് വുമൺ എസ് . നേഹ സംസാരിക്കുന്നു

അവഗണനയും എതിർപ്പും ഒരുപാട് ഏറ്റുവാങ്ങി എങ്കിലും വലിയ സന്തോഷവും അഭിമാനവും തോന്നുന്നു. വേദനയും ഒറ്റപ്പെടലും നിറഞ്ഞ ജീവിതത്തിൽ അവർ ഞങ്ങളെ അംഗീകരിച്ചു."" 2021 ലെ സംസ്ഥാനസർക്കാരിന്റെ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ മികച്ച നടിക്കുള്ള ചലച്ചിത്ര അവാർഡ് നേടിയ നടി എസ്.നേഹ സന്തോഷത്തോടെ പറഞ്ഞു.
ട്രാൻസ്ജെൻഡർ സമൂഹത്തെക്കുറിച്ച് നിരവധി ഫോട്ടോ പ്രദർശനങ്ങളും ഡോക്യുമെന്ററികളും നിർമ്മിച്ച് ശ്രദ്ധേയനായ പത്രപ്രവർത്തകൻ കൂടിയായ ചിത്രത്തിന്റെ സംവിധായകൻ പി.അഭിജിത്തിന്റെ 'അന്തരം" എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്നാട് സ്വദേശി എസ്.നേഹ അവാർഡിന് അർഹയായത്. തന്റെ ജീവിതയാത്രയെക്കുറിച്ച് നേഹ സംസാരിച്ചപ്പോൾ.
അഭിനയത്തിലേക്കുള്ള യാത്ര എങ്ങനെ ആയിരുന്നു ?
എന്റെ കഷ്ടപ്പാടുകൾ എന്നെ അഭിനയത്തിലേക്ക് നയിച്ചു. ചെറുപ്പത്തിൽ തന്നെ അഭിനയം ഇഷ്ടമാണ്. പക്ഷേ സിനിമയുടെ ഭാഗമാവാൻ കഴിയും എന്നു വിചാരിച്ചിരുന്നില്ല. ഞാൻ ആദ്യമായി ഓഡിഷൻ ചെയ്തത് മാനം എന്ന തമിഴ് ഷോർട്ട് ഫിലിമിന് വേണ്ടിയാണ്. എന്നാൽ അന്തരത്തിലാണ് കേന്ദ്ര കഥാപാത്രമായി അഭിനയിക്കാൻ കഴിഞ്ഞത്. എന്നെ എപ്പോഴും അപകർഷതാ ബോധം പിന്തുടരുന്നുണ്ട്. എന്റെ ശാരീരികമായ മാറ്റങ്ങളും നിറം,ഉയരം എന്നിവയെല്ലാം, അതുകൊണ്ട് പല ഫിലിം ഓഡിഷനുകളിലും ഞാൻ ബോധപൂർവം ഒഴിവാക്കിയിട്ടുണ്ട്. ബോഡി ഷെയ്മിംഗ് നടക്കുമോ എന്ന പേടിയുമുണ്ട്. അഭിനയം ഇഷ്ടമാണെങ്കിലും കഥാപാത്രങ്ങൾ കിട്ടാറില്ല. ആദ്യമായി കാമറയെ ഫെയ്സ് ചെയ്തപ്പോൾ എന്നോട് മേക്കപ്പ് ഇടേണ്ട എന്നു പറഞ്ഞിരുന്നു.കാരണം ആ കഥാപാത്രത്തിന് അതിന്റെ ആവശ്യം ഇല്ല. അതെന്റെ അപകർഷതാ ബോധത്തെ വീണ്ടും ഊട്ടിയുറപ്പിച്ചു. എന്റെ അഭിനയം ആദ്യം കാഴ്ചവച്ചത് ടിക്ക് ടോക്കിലൂടെയാണ്. 'അന്തരം" സിനിമയുടെ സംവിധായകനാണ് എന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചത്. അഭിനയമാണ് വേണ്ടത് അല്ലാതെ സൗന്ദര്യമല്ലെന്ന് അഭിയേട്ടൻ പറഞ്ഞത് ആത്മവിശ്വാസം നൽകി.
അവാർഡ് കിട്ടിയപ്പോൾ എന്ത് തോന്നി ?
ഇതൊരു വലിയ ബഹുമതിയാണ്. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ അംഗീകരിച്ചതിന് സർക്കാരിനോട് നന്ദിയുണ്ട്.സ്ക്രീനിൽ ഞങ്ങളെ കളിയാക്കരുത്. മറിച്ച് ഞങ്ങളുടെ കഴിവുകളെ തിരിച്ചറിയുകയും ആദരിക്കുകയും വേണം. ഞങ്ങളെ തുല്യരായി കാണുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ അംഗീകാരം.
എന്തായിരുന്നു കുടുംബത്തിന്റെ പ്രതികരണം?
അവാർഡ് ലഭിച്ചത് അമ്മയോട് വിളിച്ചു പറഞ്ഞു. അമ്മയ്ക്ക് സന്തോഷമുണ്ട്. എന്നാൽ അമ്മയുടെ സന്തോഷം എന്നിക്ക് നേരിട്ട് കാണാൻ സാധിക്കില്ല. കാരണം ഏതൊരു ട്രാൻസ് വ്യക്തിയെയും പോലെ തന്നെ എന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കുടുംബത്തിന് കഴിഞ്ഞില്ല. എന്റെ ജീവിതയാത്രയിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. എന്റെ കുടുംബത്തിന് സമൂഹത്തെ പേടിയാണ്. സമൂഹം എന്ത് പറയും എന്ന ആശങ്കയും പേടിയുമാണ് അവർക്കുള്ളത്. എന്താണ് ട്രാൻജെൻഡേഴ്സ് എന്ന് അവർക്കിപ്പോഴും അറിയില്ല. ഞാൻ എന്റെ ലിംഗഭേദം വെളിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വാക്കാലും ശാരീരികമായും പീഡനം അനുഭവിച്ചിട്ടുണ്ട്. നാല് സഹോദരിമാരാണ് എനിക്കുള്ളത്, ഇളയകുട്ടിയാണ് ഞാൻ. അവരാരും എന്നോടിപ്പോൾ സംസാരിക്കാറില്ല. എന്റെ മാനസികാവസ്ഥ മനസിലാക്കാൻ എന്റെ കുടുംബത്തിൽ ആരും തയ്യാറായില്ല. എന്റെ 18-ാം വയസിൽ എന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞതോടെ എന്റെ നാടായ തിരുവാർ ഊരിലെ മറ്റ് ട്രാൻസ്വുമൺസിനൊപ്പം ഞാൻ ചെന്നൈയിലേക്ക് ഒളിച്ചോടി.ഇപ്പോൾ വീടുവിട്ടിറങ്ങിയിട്ട് 10 വർഷത്തോളമായി.
സമൂഹത്തിന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ടോ?
സമൂഹം ട്രാൻസ്ജെൻഡേഴ്സിനെ നോക്കുന്ന രീതിയിൽ ഇന്ന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴും അവരെ സ്വീകരിക്കാൻ മടിക്കുന്ന ഒരു വിഭാഗം ആളുകളും അവശേഷിക്കുന്നുണ്ട്. അവഗണിക്കപ്പെടുന്ന എല്ലാവരെയും അംഗീകരിക്കുന്ന ഒരു ദിനം വരണം. അവാർഡ് ലഭിച്ചതിനു ശേഷം ജനങ്ങൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. പല സ്ഥലങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു. പലരും മടികൂടാതെ ഹസ്തദാനം നൽകിത്തുടങ്ങി.
സിനിമയിലെ സ്വീകാര്യത?
സിനിമയിൽ ട്രാൻസ്പേഴ്സണുകളുടെ ആവശ്യം ഇപ്പോൾ വർദ്ധിക്കുന്നുണ്ട്. സിനിമകളിൽ പുരുഷന്മാർ ട്രാൻസ്ജെൻഡർ വേഷം കെട്ടി അഭിനയിക്കുന്നത് നിറുത്തണം. ട്രാൻസ്ജെൻഡേഴ്സ് റോളുകൾ ട്രാൻസ്ജെൻടേഴ്സിനുതന്നെ നൽകണം. കാരണം പുരുഷന്മാർ ട്രാൻസ്ജെൻഡർ വേഷം കെട്ടി അഭിനയിക്കുമ്പോൾ യഥാർത്ഥ ട്രാൻസ്ജെൻഡേഴ്സിന് അവസരം നഷ്ടമാകുകയാണ്.
സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം?
ട്രാൻസ്ജെൻഡേഴ്സിന്റെ ദുരിതങ്ങളാണ് എല്ലാ സിനിമകളും മുന്നോട്ടുവെയ്ക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി ഒരു ട്രാൻസ്ജെൻഡറിനെ ജീവിത പങ്കാളിയായി സ്വീകരിച്ചതിന് ശേഷമുള്ള കഥയാണ് അന്തരം എന്ന ചിത്രം പറയുന്നത്.