
കല്ലടിക്കോട്: ഭാര്യയുടെ വിറകുകൊള്ളികൊണ്ടുള്ള അടിയേറ്റ് കരിമ്പ കല്ലടിക്കോട് കോലോത്തും പള്ളിയാൽ കുണ്ടംതരിശിൽ വീട്ടിൽ ചന്ദ്രൻ (58) മരിച്ചു. ഭാര്യ ശാന്തയെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെ 7.30നാണ് സംഭവം.
കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ടാപ്പിംഗ് തൊഴിലാളിയായ ചന്ദ്രൻ സ്ഥിരമായി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞദിവസം രാവിലെയും വഴക്കിനിടെ ചന്ദ്രൻ ശാന്തയെ മർദ്ദിച്ചു. വിറകുകൊള്ളികൊണ്ട് തടയുന്നതിനിടെ ഭർത്താവിന് അടിയേറ്റു എന്നാണ് ശാന്ത പൊലീസിന് നൽകിയ മൊഴി. തലയ്ക്കേറ്റ അടിയിൽ രക്തം വാർന്നാണ് മരണം. വിരലടയാള വിദഗ്ധരും പൊലീസും പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. മകൾ: സാന്ദ്ര. മരുമകൻ: സുരേഷ്.