സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 46-ാം റാങ്കും തമിഴ്നാട്ടിൽ രണ്ടാം റാങ്കും നേടിയതിന്റെ സന്തോഷനിമിഷത്തിൽ താൻ കടന്നുവന്ന ജീവിതവഴികളെക്കുറിച്ച് സി.എസ്.രമ്യ

സി.എസ് രമ്യ
ആത്മവിശ്വാസവും ദൃഢനിശ്ചയവും മത്സരാധിഷ്ഠിതമായ ഒരു മാനസികാവസ്ഥയും ഉണ്ടെങ്കിൽ സിവിൽ സർവീസ് ഒരു ബാലികേറാമലയല്ലെന്ന് തന്റെ നേട്ടംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് കോയമ്പത്തൂർ കാട്ടൂർ രാംനഗർ സ്വദേശി രമ്യ. കഷ്ടപ്പാടും കഠിനാധ്വാനവും നിറഞ്ഞതായിരുന്നു സിവിൽ സർവീസിലേക്കുള്ള രമ്യയുടെ യാത്ര. പ്രതികൂലമായ ജീവിതസാഹചര്യങ്ങളോട് നിരന്തരം പടപൊരുതിയാണ് അഖിലേന്ത്യാ തലത്തിൽ 46-ാം റാങ്കും തമിഴ്നാട്ടിൽ രണ്ടാം റാങ്കുമെന്ന അഭിമാന നേട്ടം രമ്യ കൈപ്പിടിയിലാക്കിയത്. അഞ്ച് തുടർ പരാജയങ്ങൾക്ക് ശേഷം അവസാന അവസരത്തിൽ നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ്.
പാലക്കാട് നെന്മാറ സ്വദേശി പരേതനായ ആർ.ചന്ദ്രശേഖരന്റെയും കടമ്പഴിപ്പുറം സ്വദേശിനി ആർ.മുത്തുലക്ഷ്മിയുടെയും ഏക മകളാണ് സി.എസ്.രമ്യ. രക്ഷിതാക്കൾ ജോലിയുടെ ഭാഗമായി കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയതിനാൽ രമ്യയുടെ വിദ്യാഭ്യാസം മുഴുവൻ തമിഴ്നാട്ടിൽ തന്നെയായിരുന്നു. അച്ഛന്റെ വിയോഗത്തെ തുടർന്ന് മുത്തശ്ശിയും അമ്മാവനും രമ്യയും അടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ദം അമ്മ ആർ.മുത്തുലക്ഷ്മിയുടെ ചുമലിലായി. കോയമ്പത്തൂരിൽ ടൈപ്പിസ്റ്റായി ജോലിചെയ്താണ് മുത്തുലക്ഷ്മി മകളുടെ പഠനത്തിനും കുടുംബത്തിന്റെ ചെലവിനുമുള്ള തുക കണ്ടെത്തിയത്. കഷ്ടപ്പെട്ടായാലും മകൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നതിൽ മുത്തുലക്ഷ്മി ഉറച്ചുനിന്നു. കോയമ്പത്തൂർ സബർബൻ മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ പത്താംക്ലാസ് പൂർത്തിയാക്കിയ രമ്യ തുടർന്ന്, കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജീസിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സിൽ എൻജിനിയറിംഗ് ബിരുദം നേടി.
2015ൽ അമ്മയ്ക്ക് ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം വന്നു. പിന്നീട് രമ്യ കുടുംബത്തിന്റെ ചുമതലകൾ പൂർണമായും ഏറ്റെടുത്തു. ഡേറ്റ കളക്ഷൻ, ഡേറ്റ എൻട്രി തുടങ്ങിയ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തിയാണ് രമ്യ കുടുംബത്തെ നയിച്ചത്. ക്ഷണിക്കാതെയെത്തുന്ന വിരുന്നുകാരെപ്പോലെ രമ്യയുടെ ജീവിതത്തിൽ പ്രതിസന്ധികൾ നിത്യസന്ദർശകരായിരുന്നു. പക്ഷേ, ചിരിച്ച മുഖവുമായി അതിനെയെല്ലാം അതിജീവിച്ച രമ്യ പതിയെ നടന്നുകയറിയത് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കായിരുന്നു ഐ.എഫ്.എസാണ് രമ്യയുടെ ആഗ്രഹം. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ യശസുയർത്തുന്ന പ്രതിനിധിയാവുകയാണ് ലക്ഷ്യം.
 സിവിൽ സർവീസിലേക്ക്
പഠനത്തിൽ മിടുക്കിയായിരുന്ന രമ്യയുടെ മനസിൽ സിവിൽ സർവീസിന്റെ വിത്തെറിഞ്ഞത് മുത്തശിയാണ്. നമ്മുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള സ്വപ്നങ്ങളേ കുട്ടിക്കാലത്തൊക്കെ കാണൂ. പക്ഷേ, കുറച്ചുകൂടി മുതിരുമ്പോൾ മനസിലാകും, നമുക്ക് ഇനിയും ഉയരങ്ങളിൽ എത്താനുണ്ടെന്ന്. ആ നിമിഷത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നതാണു പ്രധാനം. അങ്ങിനെയാണ് പഠനകാലത്ത് സിവിൽ സർവീസ് എഴുതാൻ തീരുമാനിച്ചത്. സിവിൽ സർവീസ് വിജയിച്ചവരുടെ അനുഭവം, പ്രസംഗം എന്നിവ കേൾക്കുന്ന പതിവുണ്ടായിരുന്നു. സിവിൽ സർവീസ് വിജയിച്ച റിക്ഷാ ജോലിക്കാരന്റെ മകൻ നൽകിയ അഭിമുഖം കാണാനിടയായി. പരിമിത ചുറ്റുപാടുകളിൽ നിന്നുള്ളവർക്കും സിവിൽ സർവീസ് പാസാകാനാകുമെന്ന ചിന്ത ഈ അഭിമുഖം രമ്യയുടെ മനസിലുണർത്തി. ഇതിൽ പ്രചോദനം ഉൾക്കൊണ്ട് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

 പഠന വഴികളിൽ പതറാതെ
കോളേജ് പഠനശേഷം 2015ലാണ് രമ്യ ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പ്രിലിമിനറിപോലും വിജയിക്കാനായില്ല. തൊട്ടടുത്ത വർഷവും പരീക്ഷയെഴുതിയെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. പിന്നീട് 2018ലാണ് മൂന്നാം ശ്രമം ഇത്തവണ പ്രിലിമിനറി പൂർത്തിയാക്കിയെങ്കിലും മെയിൻ കടക്കാനായില്ല. അടുത്ത തവണ മെയിൻ വിജയിച്ചു. പക്ഷേ ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. എന്നിട്ടും പോരാട്ടം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല. ആറാം തവണ മികച്ച വിജയം കരസ്ഥമാക്കുക തന്നെ ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടുകാരണം ആദ്യ രണ്ടുവർഷം പരിശീലനത്തിന് പോകാനായില്ല. പിന്നീട് ആമസോണിൽ ജോലിക്കു ചേർന്നു. പുസ്തകങ്ങളും മറ്റും വാങ്ങി സ്വയം പഠനമാരംഭിച്ചു. ജോലിക്കിടെ പഠിക്കാൻ സമയം കിട്ടാതെ വന്നപ്പോൾ ആമസോണിലെ കസ്റ്റമർ കെയർ സപ്പോർട്ട് ജോലി ഉപേക്ഷിക്കേണ്ടിവന്നു. ശേഷം ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടെക്രോണിക്സ് എന്ന സ്ഥാപനത്തിൽ ജോലിചെയ്തു. ഇൗ സ്ഥാപനം ലോക കാര്യങ്ങൾ കൂടുതൽ അറിയാൻ ഏറെ സഹായിച്ചു. 2017വരെ ഇവിടെ ജോലി ചെയ്തു. ആദ്യ രണ്ട് ശ്രമങ്ങളിലും സ്വയം പഠനമായിരുന്നു. ഈ രംഗത്ത് അദ്ധ്യാപന പരിചയമുള്ളവരുടെ സഹായം കൃത്യമായ മാർഗനിർദ്ദേശമേകുമെന്ന തിരിച്ചറിവിലാണ് കോച്ചിംഗ് തേടിയത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം സൗജന്യ ഐ.എ.എസ് പരിശീലന കേന്ദ്രങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചത്. കൂടാതെ ലൈബ്രറികളും പത്രങ്ങളും പരമാവധി പ്രയോജനപ്പെടുത്തി. കോയമ്പത്തൂരിലെ അമ്മ ഐ.എ.എസ് അക്കാഡമി, കെ.പി.ആർ ഐ.എ.എസ് അക്കാഡമി, തിരുവനന്തപുരത്തെ അമൃത ഐ.എ.എസ് അക്കാഡമി എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ഇംഗ്ലീഷ്, പ്രാദേശിക പത്രങ്ങൾ നിത്യവും വായിച്ചത് അഭിമുഖത്തിനും പരീക്ഷകൾക്കും നോട്ട് തയ്യാറാക്കുന്നതിലും സഹായകമായി. മുൻ കാലങ്ങളിൽ സിവിൽ സർവീസ് വിജയിച്ചവരുടെ അനുഭവങ്ങൾ യൂ ടൂബിൽ കാണുന്നതും പതിവാക്കി. വിദേശകാര്യമാണ് ഇഷ്ട വിഷയം. പക്ഷേ, പഠിക്കുമ്പോൾ എല്ലാ സബ്ജക്റ്റുകൾക്കും പ്രാധാന്യം നൽകുമായിരുന്നു. കൃത്യമായ ഷെഡ്യൂൾ തയ്യാറാക്കി അതിന് അനുസരിച്ച് നടത്തിയ ശ്രമമാണ് വിജയം കണ്ടത്. എല്ലാ ദിവസവും ചുരുങ്ങിയത് നാല് മണിക്കൂർ പഠനത്തിനായി കണ്ടെത്തും. പരീക്ഷയുടെ സമയങ്ങളിൽ പഠനത്തിനായി കൂടുതൽ സമയം കണ്ടെത്തി. ഒരു വിഷയത്തിന് നിശ്ചിത സമയം നീക്കിവെയ്ക്കും. അത് ഒരാഴ്ചയാവാം, പത്തുദിവസമാവാം. ഈ കാലയളവിൽ പഠനത്തിന് അപ്പുറം മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല. സ്ഥിരപ്രയത്‌നമാണ് സിവിൽ സർവീസ് പരീക്ഷ വിജയിക്കാനുള്ള വജ്രായുധമെന്ന് രമ്യ അടിവരയിട്ട് പറയുന്നു.