madhu

പാലക്കാട്: പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാറും ,സാക്ഷികളെ കൂറു മാറ്റിച്ച് കേസ് അട്ടിമറിക്കാൻ പ്രതികളും ശ്രമിക്കുന്നതായി മധുവിന്റെ കുടുംബാംഗങ്ങൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

പ്രധാന സാക്ഷികളുടെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെ സാക്ഷികളെ എല്ലാവരെയും പ്രതികൾ രാഷ്ട്രീയമായോ സാമ്പത്തികമായോ സ്വാധീനിച്ച് കൂറു മാറ്റി.

ഇവരുടെ ബന്ധു കൂടിയായ പ്രധാന സാക്ഷികളിൽ ഒരാളെ സ്വാധീനിക്കുന്നതിനായി കേസിലെ ഒമ്പതാം പ്രതി നജീബ് സ്വന്തം വാഹനത്തിൽ കയറ്റി മണ്ണാർക്കാട്ടേക്ക് കൊണ്ടുപോയി. അതുമായി ബന്ധപ്പെട്ട് മധുവിന്റെ അമ്മ മല്ലി ഈമാസം അഞ്ചിന് അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മധുവിന് വേണ്ടി വാദിക്കാൻ സർക്കാർ നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കും നാളിതുവരെയായി സർക്കാർ അലവൻസോ, മറ്റ് സൗകര്യങ്ങളോ അനുവദിച്ചിട്ടില്ല. മുമ്പ് നിയമിച്ച രണ്ട് പ്രോസിക്യൂട്ടർമാരും സമാന കാരണത്താലാണ് പിന്മാറിയത്. കേസിൽ നീതി ഉറപ്പാക്കിയില്ലെങ്കിൽ സമരവുമായി തെരുവിലേക്കിറങ്ങേണ്ടി വരുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു, വാളയാർ നീതി സമരസമിതി കൺവീനർ വി.എം.മാർസൽ എന്നിവർ പങ്കെടുത്തു.