sarith

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്ക് തൊട്ടുപിന്നാലെ, കേസിലെ കൂട്ടു പ്രതി സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് ഇന്നലെ പാലക്കാട്ട് സൃഷ്ടിച്ചത് അത്യന്തം നാടകീയ രംഗങ്ങൾ.

ഇന്നലെ രാവിലെ പത്തരയോടെ ചന്ദ്രനഗറിലുള്ള എച്ച്.ആർ.ഡി.എസിന്റെ ഓഫീസിൽ വച്ച് സ്വപ്ന മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറച്ചിൽ നടത്തവേയാണ്, പിരിവുശാലയിലെ ബിൽടെക്ക് അപ്പാർട്ട്മെന്റിലുള്ള ഓഫീസ് ക്വാർട്ടേഴ്സിൽ നിന്ന് ഒരു സംഘം ആളുകളെത്തി സരിത്തിനെ കാറിൽ കയറ്റിപ്പോയത്. പൊലീസ് ചമഞ്ഞെത്തിയ സംഘം തന്റെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് ,പിന്നാലെ സ്വപ്ന മാദ്ധ്യങ്ങളോട് പറഞ്ഞു. തുടർന്ന് പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സി.സി ടിവി പരിശോധിച്ച ശേഷമാണ് വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തതാണെന്ന് വ്യക്തമായത്. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ സരിത്തിനെ വിട്ടയച്ചു.

ലൈഫ് മിഷൻ കേസിൽ മൊഴി രേഖപ്പെടുത്താനാണ് കസ്റ്റഡിയിലെടുത്തതെന്ന് വിജിലൻസ് വ്യക്തമാക്കിയെങ്കിലും, ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സരിത്ത് ഇത് നിഷേധിച്ചു. ലൈഫ് മിഷൻ കേസ് സംബന്ധിച്ച് യാതൊന്നും ചോദിച്ചില്ല. സ്വപ്ന കഴിഞ്ഞ ദിവസം നൽകിയ മൊഴി സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ. മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടാണ്, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരെല്ലാം, മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ലക്ഷ്യം എന്നിവയാണ് തന്നോട് ചോദിച്ചത്. നോട്ടീസ് കാണിക്കാതെ, ബലം പ്രയോഗിച്ചാണ് തന്നെ ഫ്ലാറ്റിൽ കൊണ്ടുപോയത്. ചെരിപ്പിടാൻ പോലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. വിജിലൻസ് ഓഫീസിൽ എത്തിച്ച ശേഷം മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഈ മാസം 16ന് തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനും നിർദ്ദേശിച്ചതായി സരിത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

 പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; രഹസ്യ അജൻഡയില്ല: സ്വപ്ന

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. അത് വേണ്ടസമയത്ത് പറയുമെന്നും ഇന്നലെ രാവിലെ

ചന്ദ്രനഗറിലെ എച്ച്.ആർ.ഡി.എസ് ഓഫീസിൽ വച്ച് സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട വ്യക്തികളും അവരുടെ ഭാര്യയും അമ്മയുമെല്ലാം സുഖമായി ജീവിക്കുന്നു. കമലയായാലും വീണയായാലും എല്ലാ സൗകര്യങ്ങളും അനുഭവിച്ച് തന്നെയാണ് കഴിയുന്നത്. ഞാൻ മാത്രമാണ് ബുദ്ധിമുട്ടിയത്. 16 മാസം ജയിൽ കിടന്നു. വീടും ഭക്ഷണവുമില്ലാതെ വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. എല്ലാവരും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി എന്നെ ഉപയോഗിച്ചു. എന്റെ കേസിനെയും, കേസിൽ ഉൾപ്പെട്ട വ്യക്തികളെയും, അവരുടെ പങ്കിനെയും കുറിച്ചാണ് പറയുന്നത്. ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്നത് എന്റെ വിഷയമല്ല. എനിക്ക് വ്യക്തിപരമോ, രാഷ്ട്രീയപരമോ ആയ അജണ്ടയില്ല- സ്വപ്ന വ്യക്തമാക്കി.

 കത്തുണ്ടെങ്കിൽ പി.സി. ജോർജ് പുറത്ത് വിടട്ടെ

ഈ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പി.സി. ജോർജ് വിളിച്ചിരുന്നുവെന്നും, അദ്ദേഹത്തെ നേരിട്ട് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അദ്ദേഹത്തിന് താൻ എഴുതിക്കൊടുത്തെന്ന് പറയുന്ന കാര്യം കൈയിലുണ്ടെങ്കിൽ പുറത്തു വിടട്ടെ.

മുഖ്യമന്ത്രിയുടെ ബാഗിൽ പണം കൊണ്ടുപോയതും, ബിരിയാണി പാത്രങ്ങൾ കൊണ്ടുവന്നതുമെല്ലാം സത്യമാണ്. മുഖ്യമന്ത്രിയുടെ രാജി തന്റെ ആവശ്യമല്ല. നാലു കേസുകൾ തനിക്കെതിരെയുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. പല തവണ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. എന്നാൽ, കേസ് എവിടെയും എത്തുന്നില്ല. അതിനാലാണ് 164 പ്രകാരം രഹസ്യ മൊഴി നൽകിയത്. തനിക്ക് ഭീഷണിയുണ്ട്. ജയിലിൽ തനിക്ക് കാര്യങ്ങൾ പുറത്തറിയിക്കാനുള്ള അവകാശം പോലും നിഷേധിച്ചു. തന്നെ മാനസികമായി പീഡിപ്പിച്ചു. ജയിൽ ഡേയുടെ വേദിയിൽ അജയകുമാർ എന്ന ജയിൽ ഡി.ഐ.ജി വേദിയിൽലിരുന്ന്, കേസിൽ

ഏതറ്റം വരെ പോയാലും ശരിയാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാം വിളിച്ച് പറയാൻ ആഗ്രഹമുണ്ട്. കോടതി അനുവാദം തന്നാൽ എല്ലാം പറയും. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്ന പറഞ്ഞു.