 
അഗളി: കൊവിഡ് പ്രതിസന്ധിയിലും ഉലയാതെ അട്ടപ്പാടിയിലെ തൊഴിൽ രഹിതരായ ആദിവാസി സ്ത്രീകളുടെ 'കാർ തുമ്പി ' കുടനിർമ്മാണം. കൊവിഡ് കാലത്ത് ഓർഡർ കുറഞ്ഞെങ്കിലും നിർമ്മാണം ഇപ്പോഴും തുടരുന്നുണ്ട്. ആദിവാസി സംഘടനയായ തമ്പിന്റെ നേതൃത്വത്തിലാണ് കുടനിർമ്മാണം നടക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ സ്വയംതൊഴിൽ പദ്ധതിയായി 2014ലാണ് തമ്പിന്റെ നേതൃത്വത്തിൽ കുട നിർമ്മാണം ആരംഭിക്കുന്നത്. 2017 ൽ പട്ടികവർഗ വകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലപ്പെടുത്തി. 20 ഊരുകളിൽ നിന്നായി 18 വയസ് മുതൽ 50 വയസ് വരെയുള്ള 350 ലധികം പേർക്ക് കുടനിർമ്മാണത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി ഹാളുകളിലും ഊരുകളിലുമായാണ് കുടകൾ നിർമ്മിക്കുന്നത്. കൊവിഡ് കാലത്ത് ഉൾപ്പടെ വരുമാനം ഇല്ലാതിരുന്നവർക്ക് വലിയ ആശ്വാസമാണ് ഊരുകളിൽ തന്നെ ഇരുന്നുകൊണ്ടുള്ള കുടനിർമ്മാണം. കേരള കളേഴ്സ് എന്നപേരിൽ ആറുനിറങ്ങളിൽ കുടകൾ നിർമിക്കുന്നുണ്ട്. ഒരു കുടക്ക് (ത്രീ ഫോൾഡ്) 360 രൂപയാണ് വില. ആവശ്യാനുസരണം കുടകൾ നിർമ്മിച്ച് നൽകും. കുടകൾക്കായി 9447466943, 9447139784 നമ്പറുകളിൽ ബന്ധപ്പെടാം.
അതിജീവനം
നിർമ്മാണ സാമഗ്രികളുടെ ലഭ്യത കുറവ് ബുദ്ധിമുട്ടിച്ചെങ്കിലും അതിനെ അതിജീവിച്ച് കുട നിർമ്മാണം നിറുത്താതെ തുടരുന്നുണ്ട്. ഷോളയൂർ, അഗളി പഞ്ചായത്തുകളിലെ സ്ത്രീകളാണ് കുടനിർമ്മിക്കുന്നത്. തമ്പിന്റെ പ്രതിനിധികൾ നേരിട്ട് എത്തി ഊരുകളിൽ കുടനിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകും.
ഐ.ടി മേഖലകളിൽ വർക്ക് ഫ്രം ഹോം തുടരുന്നതിനാൽ ഇൻഫോ പാർക്കിൽ നിന്നും ലഭിക്കുന്ന ഓർഡറുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 20000 ഓർഡറുകളാണ് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്.
- രാജേന്ദ്ര പ്രസാദ്, തമ്പ് പ്രസിഡന്റ്
നല്ല ശിങ്ക, വെങ്കകടവ് ഊരുകളിൽ കാർ തുമ്പി കുടകൾ നിർമ്മിക്കുന്ന സ്ത്രീകൾ