coconut
കേരഫെഡിന്റെ പച്ചതേങ്ങ സംഭരണം പാളയത്തുള്ള വി.എഫ്.പി.സി.കെയുടെ കർഷകവിപണന കേന്ദ്രത്തിൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

ശ്രീകൃഷ്ണപുരം/ വടക്കഞ്ചേരി: കാർഷിക വികസന ക്ഷേമ വകുപ്പും വി.എഫ്.പി.സി.കെയും കേരഫെഡും സംയുക്തമായി ശ്രീകൃഷ്ണപുരം, വടക്കഞ്ചേരി മേഖലകളിലെ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു. കരിമ്പുഴയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ആഴ്ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കരിമ്പുഴ വി.എഫ്.പി.സി.കെയിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിലെ കർഷകരിൽ നിന്നാണ് പച്ച തേങ്ങ സംഭരിക്കുന്നത്. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർകുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം കൃഷി അസി. ഡയറക്ടർ വി.വി. അമ്പിളി, സുനിത, ഷിബു, ഇ.പി. വേണുഗോപാൽ, മുരളീധരൻ സംസാരിച്ചു.

വടക്കഞ്ചേരി പാളയത്ത് പ്രവർത്തിക്കുന്ന വി.എഫ്.പി.സി.കെയുടെ കിഴക്കഞ്ചേരി സ്വാശ്രയ കർഷക വിപണന കേന്ദ്രത്തിലാണ് മേഖലയിലെ നാളികേര സംഭരണം നടത്തുന്നത്. സംഭരണത്തിന്റെ ഉദ്ഘാടനം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വാർഡ് മെമ്പർ സി. മുത്തു അദ്ധ്യക്ഷനായി. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ ഫെബിൻ, വടക്കഞ്ചേരി കൃഷിഓഫീസർ സ്വാതി സുഗതൻ, കിഴക്കഞ്ചേരി കൃഷി ഓഫീസർ മാനസ എന്നിവർ പ്രസംഗിച്ചു.