road

ചെർപ്പുളശ്ശേരി: നഗരസഭയിലെ 17-ാം വാർഡ് പടിഞ്ഞാറെ മണ്ണുംകുഴി റോഡിന്റെ തകർച്ചയിൽ പ്രതിഷേധവുമായി നാട്ടുകാർ. മൂന്ന് വർഷം മുമ്പ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്. പട്ടികജാതി കുടുംബങ്ങൾ ഉൾപ്പടെ പ്രദേശത്തെ അമ്പതിലധികം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മുമ്പ് കാൽനടയ്ക്കായി മാത്രം ഉപയോഗിച്ചിരുന്ന വഴിയായിരുന്നു ഇത്. കുത്തനെയുള്ള കയറ്റമുൾപ്പടെ വരുന്ന റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്. കയറ്റം വരുന്ന റോഡിന്റെ പത്ത് മീറ്ററോളം ഭാഗം തകർന്ന് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിട്ടുമുണ്ട്. ഈ ഭാഗം ഒഴിവാക്കിയായിരുന്നു അന്ന് കോൺക്രീറ്റ് പ്രവൃത്തികൾ നടത്തിയത്. മണ്ണ് കുത്തിയൊലിച്ചുപോയ ഈ ഭാഗത്ത് കാൽ നടയാത്ര പോലും ദുസഹമാണ്. നിരവധി വാഹനങ്ങൾ ഇവിടെ തെന്നിമറിഞ്ഞ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. ആശുപത്രി ആവശ്യങ്ങൾക്കുപോലും വാഹനങ്ങൾ വരാൻ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.

കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും റോഡിന്റെ മദ്ധ്യഭാഗത്തുകൂടി കടന്നുപോകുന്നുണ്ട്. ഈ പൈപ്പുകൾ റോഡിന്റെ വശത്തേക്ക് മാറ്റണമെന്നും പഴയ കോൺക്രീറ്റ് പൊളിച്ച് കുത്തനെയുള്ള കയറ്റം നിരപ്പാക്കി മണ്ണ് ബലപ്പെടുത്തി റോഡ് പുനരുദ്ധീകരിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഉങ്ങുംതറ, കുറ്റിക്കോട്, തൃക്കടീരി എന്നിവിടങ്ങളിലേക്ക് ഏളുപ്പമാർഗം കൂടിയാണ് ഈ റോഡ്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നഗരസഭാ സെക്രട്ടറിക്ക് നിവേദനവും നൽകിയിട്ടുണ്ട്.

അതേസമയം നേരത്തെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ റോഡ് തകർന്നിട്ടില്ലെന്നും മറ്റു ഭാഗങ്ങളിലെ തകർച്ച പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വാർഡ് കൗൺസിലർ പി.വിഷ്ണു പറഞ്ഞു.