duck

പാലക്കാട്: കുട്ടനാടൻ താറാവിൽ നിന്ന് 'ചൈത്ര' എന്ന പേരിൽ ഇറച്ചിത്താറാവിനെ വികസിപ്പിച്ച് മണ്ണുത്തി വെറ്റിനറി സർവകലാശാല. പുതിയ ഇനത്തെ14ന് നാടിന് സമർപ്പിക്കും. അതോടെ സർവകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്ന് കാമ്പസിൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങാം. ഒരു ദിവസം പ്രായമുള്ളതിന് 30 രൂപ.

ഇറച്ചിക്ക് മാത്രമായി വികസിപ്പിച്ചതിനാൽ നാടൻ താറാവുകളേക്കാൾ തൂക്കം കൂടുതലുണ്ട്. സാധാരണ താറാവ് എട്ടാഴ്ച (56 ദിവസം) കൊണ്ട് ഒരു കിലോ തൂക്കം വയ്‌ക്കുമ്പോൾ ചൈത്ര ഒന്നര കിലോ വരെ എത്തും. സർവകലാശാല വളർത്തിയ കുഞ്ഞുങ്ങൾക്ക് 1300 മുതൽ 1500 ഗ്രാം വരെ തൂക്കം വന്നു.

ചാര, ചെമ്പല്ലി ഇനങ്ങളിലെ നാടൻ താറാവുകളാണ് സംസ്ഥാനത്തുള്ളത്. മുട്ടയ്‌ക്കും ഇറച്ചിക്കും ഇവയെ ഉപയോഗിക്കുന്നു. ചൈത്ര സാധാരണ താറാവുകളുടെ അത്രയും മുട്ട ഇടില്ല.

തിരുവിഴാംകുന്നിലെ പൗൾട്രി സയൻസ് കേന്ദ്രത്തിൽ 2012 മുതൽ നീണ്ട പത്തു വർഷത്തെ ഗവേഷണ പരീക്ഷണങ്ങളിലാണ് ചൈത്രയെ വികസിപ്പിച്ചത്. പൗൾട്രി സയൻസ് ഡയറക്ടർ ഡോ.ലിയോ ജോസഫിന്റെയും അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്റ്റെല്ല സിറിയക്കിന്റെയും നേതൃത്വത്തിലായിരുന്നു പരീക്ഷണം.

ചൈത്രയുടെ മികവുകൾ

തൂക്കം കൂടുതൽ

കൂട്ടിലും മുറ്റത്തും വളർത്താം.

സാധാരണ താറാവിന്റെ എല്ലാ ഭക്ഷണവും കഴിക്കും.

നമ്മുടെ കാലാവസ്ഥയ്ക്ക് കൂടുതൽ അനുയോജ്യം

 മികച്ച രോഗപ്രതിരോധ ശേഷി


 പേരിന് പിന്നിൽ

ചൈത്ര എന്നാൽ പുതിയ വെളിച്ചം എന്നാണ് അർത്ഥം. കർഷകർക്ക് പുതിയ വെളിച്ചവും കൂടുതൽ ലാഭവും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ പേര് നൽകിയതെന്ന് സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ സ്റ്റെല്ല സിറിയക് പറഞ്ഞു.

ഫോട്ടോ: പുതിയ ഇനം താറാവ് ചൈത്ര