swapna-suresh

പാലക്കാട്: സ്വയംരക്ഷയ്ക്ക് സുരക്ഷാഭടൻമാരെ നിയോഗിച്ച് സ്വപ്ന സുരേഷ്. ജീവന് ഭീഷണിയുള്ളതിനാലാണ് സ്വന്തം ചെലവിൽ സ്വകാര്യ ഏജൻസിയുടെ രണ്ട് സുരക്ഷാഭടൻന്മാരെ നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും സുരക്ഷ നൽകും. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച സമയത്ത് രണ്ട് സുരക്ഷാഭടൻമാർ ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും പാലക്കാട്ടേക്ക് വരുമ്പോൾ ഇവരുടെ സേവനം ഉണ്ടായിരുന്നില്ല. നിലവിലെ സാഹചര്യം പരിഗണിച്ചാണ് സ്വപ്ന സ്വന്തമായി രണ്ട് സുരക്ഷാഭടന്മാരെ നിയോഗിച്ചതെന്ന് എച്ച്.ആർ.ഡി.എസ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ബോധരഹിതയായി കുഴഞ്ഞുവീണ ശേഷം സ്വപ്ന സുരേഷ് ചന്ദ്രനഗറിലെ ഫ്ളാറ്റിൽ പൂർണ വിശ്രമത്തിലായിരുന്നു. ഇന്നലെ രാവിലെ 11ന് സ്വപ്ന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് യാത്രാനുമതി തേടിയത്. തുടർന്ന് തിരിച്ച് ഫ്ളാറ്റിലെത്തി 12മണിയോടെ കൊച്ചിയിലേക്ക് തിരിച്ചു. ആരോഗ്യം തൃപ്തികരമാണെന്ന് അവർ അറിയിച്ചു.