പാലക്കാട്: അട്ടപ്പാടയിൽ ആദിവാസികൾക്കുള്ള പട്ടയ ഭൂമി കൈയേറി വീട് നിർമ്മിച്ചെന്ന പരാതിയിൽ എച്ച്.ആർ.ഡി.എസിനെതിരെ (ഹൈറേഞ്ച് റൂറൽ ഡെലവപ്മെന്റ് സൊസൈറ്റി) എസ്.സി, എസ്.ടി കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വീട് തകർന്ന വട്ട്ലക്കിയിലെ ഗുണഭോക്താവാണ് പരാതി നൽകിയത്. അനുമതിയില്ലാതെ ആദിവാസികളുടെ 55 ഏക്കർ സ്ഥലം ഏറ്റെടുത്താണ് വീട് നിർമ്മിച്ചതെന്ന പരാതിയിലാണ് അന്വേഷണം.
ഒറ്റപ്പാലം സബ് കളക്ടറോട് മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കമ്മിഷന്റെ നിർദ്ദേശം. ഇതിന് പുറമെ ഇനി നിർമ്മാണത്തിന് അനുമതി നൽകരുതെന്നും കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ 300 വീടുകളാണ് ആദിവാസികൾക്കായി അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിൽ എച്ച്.ആർ.ഡി.എസ് നിർമ്മിച്ചത്. എന്നാൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പല വീടുകളും തകർന്നു. വാസയോഗ്യമല്ലാത്ത വീടുകളാണ് എച്ച്.ആർ.ഡി.എസ് നിർമ്മിച്ചതെന്ന പരാതിയും എസ്.ടി, എസ്.ടി കമ്മിഷന് ലഭിച്ചിരുന്നു.