attentence-

 ബയോമെട്രിക് ഓട്ടോമാറ്റിക് അറ്റൻഡൻസ് സിസ്റ്റവുമായി ചിറ്റൂർ

ഗവ. വിക്ടോറിയ ഗേൾസിലെ വിദ്യാർത്ഥികൾ


പാലക്കാട്: ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സാങ്കേതിക വിദ്യയിലും പുതുചരിത്രം സൃഷ്ടിക്കുന്നു. വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയോ ഇല്ലയോ എന്ന് രാവിലെ തന്നെ വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്ക് അറിയാനാകും. രാവിലെ സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ പഞ്ചിംഗ് മെഷീനിൽ വിരൽ അമർത്തിയാൽ സ്‌കൂളിലെ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തുന്നതോടോപ്പം തന്നെ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും മൊബൈലിലേക്ക് സന്ദേശമെത്തുകയും ചെയ്യും. ഇതോടെ താങ്കളുടെ കുട്ടികൾ സ്‌കൂളിലെത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കൾക്ക് ഉറപ്പുവരുത്താനും കഴിയും.സ്‌കൂളിൽ പരീക്ഷണാടിസ്ഥനത്തിൽ സ്ഥാപിച്ച മെഷിന്റെ പ്രവർത്തനം വിജയകരമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ ഈ മെഷീൻ കൂടുതൽ ഉത്പാദിപ്പിച്ച് സംസ്ഥാനത്തെ ആവശ്യമുള്ള എല്ലാ സ്കൂളുകളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും. ബയോമെട്രിക് ഓട്ടോമാറ്റിക് അറ്റൻഡൻസ് സിസ്റ്റം ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്താണ് നൂറ്റാണ്ട് പഴക്കമുള്ള ചിറ്റൂരിലെ ഈ പെൺപട വിദ്യാഭ്യാസ മേഖലയ്ക്ക് മാതൃകയാവുന്നത്.

2018-ൽ സ്‌കൂളിൽ സ്ഥാപിച്ച അടൽ ടിങ്കറിംഗ് ലാബിൽ നിന്നുമാണ് മെഷിൻ വികസിപ്പിച്ചെടുത്തത്. സയൻസ്, ടെക്‌നോളജി, മാത്തമാറ്റിക്സ്, എൻജിനിയറിംഗ് എന്നിവ സംയോജിപ്പിച്ചുള്ള പഠനമാണ് ലാബിലൂടെ നൽകുന്നത്. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥിനികളിൽ നിന്നും ശാസ്ത്ര സാങ്കേതിക വിദ്യയിൽ താൽപ്പര്യമുള്ളവരെ തിരഞ്ഞെടുത്താണ് ഇവിടെ പരിശീലനം നൽകുന്നത്. നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന നിരവധി സംവിധാനങ്ങൾ ഇതിനോടകം കണ്ടുപിടിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് അറ്റൻഡൻസ് സിസ്റ്റം

വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തുന്ന സമയവും ഇറങ്ങുന്ന സമയവും രക്ഷിതാക്കൾക്ക് കൃത്യമായി അറിയാമെന്നതാണ് ഈ ബയോമെട്രിക് ഓട്ടോമാറ്റിക് അറ്റൻഡൻസ് സിസ്റ്റത്തിന്റെ പ്രത്യേകത.

സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥിനികളുടെ ഏറെ നാളത്തെ കഠിനാധ്വാനമാണ് ഈ നൂതന സംരംഭം. സംസ്ഥാനത്തുള്ള പൊതു വിദ്യാലയങ്ങളിലെ ആദ്യ സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ വിജയാഹ്ലാദത്തിലാണ് ജി.വി.ജി.എച്ച്.എസ് സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും.