food-poison

ഷൊർണൂർ: പ്രീമെട്രിക് ഹോസ്റ്റലിൽ ആറ് വിദ്യാർത്ഥികൾക്ക് ഇന്നലെ ഭക്ഷ്യവിഷബാധയേറ്റു. ഗണേഷ് ഗിരി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനികളായ ശ്രീജമോൾ, ശ്രീക്കുട്ടി, ഏഴാംക്ലാസ് വിദ്യാർത്ഥികളായ ജയശ്രീ, അനഘ, കെ.വി.ആർ ഹൈസ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനി അനന്തിക, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ബിയ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികൾ ഷൊർണൂർ ഗവ. ആശുപത്രിയിലും തൃശൂർ മെ‌ഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സയിലാണ്.

ഇന്നലെ രാവിലെ ഒമ്പതരയോടെ ഗണേഷ്ഗിരി സ്‌കൂളിൽ അസംബ്ലിയിൽ പങ്കെടുക്കാതിരുന്ന ശ്രീജമോളെയും ശ്രീക്കുട്ടിയെയും തിരക്കി ടീച്ചർ ക്ലാസിൽ ചെന്നപ്പോൾ ഇരുവരും കുഴഞ്ഞുകിടക്കുകയായിരുന്നു. ഇവരെയും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുള്ള മറ്റുരണ്ട് കുട്ടികളെയും ഉടൻ ആശുപത്രിയിലെത്തിച്ചു.

കെ.വി.ആർ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചയോടെയാണ് ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടത്. കുട്ടികൾക്ക് എങ്ങനെ ഭക്ഷ്യവിഷബാധയുണ്ടായി എന്നത് സംബന്ധിച്ച് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. രാവിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആറുപേരും. സ്കൂളിൽ നിന്ന് കുട്ടികൾ ഭക്ഷണം കഴിച്ചിട്ടില്ല. ഹോസ്റ്റലിൽ ഉള്ള 18 കുട്ടികളിൽ ആറ് പേർക്കാണ് അസ്വസ്ഥതകൾ കാണപ്പെട്ടത്.

 ഹോസ്റ്റലിൽ നല്ലഭക്ഷണമാണ് നൽകാറുള്ളത്. കഴിഞ്ഞ ദിവസം ഒരു രക്ഷിതാവ് വന്നപ്പോൾ ഉണ്ണിയപ്പം വാങ്ങി വന്നിരുന്നു. ഇത് കഴിച്ചതാണോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നു വ്യക്തമല്ല.

- ഹോസ്റ്റൽ വാർഡൻ