
മണ്ണാർക്കാട്: ജൈവ പച്ചക്കറി കൃഷിയിലും നൂറുമേനി വിളവുമായി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്. പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ പോത്തോഴിക്കാവ് പ്രദേശത്തെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്. രണ്ട് വർഷമായി പോത്തോഴിക്കാവിലെ അഞ്ചേക്കർ വരുന്ന ഭൂമിയിൽ ബാങ്ക് നെൽകൃഷിയും ജൈവകൃഷിയും ചെയ്യുന്നുണ്ട്. വിളവെടുക്കുന്ന വിഷരഹിത പച്ചക്കറികൾ ബാങ്കിന്റെ ഔട്ട്ലെറ്റിലൂടെയാണ് ജനങ്ങളിലെത്തിക്കുന്നത്. വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ, പ്രസിഡന്റ് കെ.സുരേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. പടവലം, ചിരങ്ങ, പീച്ചിങ്ങ, കൈപക്ക, ചീര തുടങ്ങിയവയാണ് വിളവെടുത്തത്. ബാങ്ക് അസി.സെക്രട്ടറി എസ്.അജയകുമാർ, ഡയറക്ടർമാരായ രമസുകുമാരൻ, പി.ശശിധരൻ, കെ.ഷീബ, റിയാസ്, ഉമ്മർ, സലീം, ജോർജ് തുടങ്ങിയവർ പങ്കെടുത്തു.