koorka

പാലക്കാട്: കാലവർഷം പെയ്യാൻ മടിച്ചു നിൽക്കുന്നതിനാൽ ജില്ലയിലെ കൂർക്ക കൃഷി പ്രതിസന്ധിയിൽ. ഒന്നാംവിളയിറക്കാത്ത ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലാണ് കർഷകർ കൂർക്ക കൃഷി ചെയ്യുന്നത്. കാലവർഷം മുന്നിൽകണ്ട് കർഷകരെല്ലാം മേയ് ആദ്യപകുതിയോടെ വിത്ത് കിഴങ്ങ് പാകിയിരുന്നു. നിലവിൻ വിത്തെല്ലാം മുളച്ച് ചെടികളായെങ്കിലും തുടർപ്രവർത്തികൾക്ക് മഴ ഇല്ലാത്തതുകാരണം കർഷകർ ദുരിതത്തിലാണ്. നിലവിൽ പാടങ്ങളിൽ ഏരിയകളെടുത്ത് കൂർക്ക ചെടികളുടെ തലപ്പ് പാകുന്ന സമയമാണ്. പക്ഷേ ഏക്കർ കണക്കിന് കൃഷി ചെയ്യുന്ന കർഷകർക്ക് വെള്ളം ഇല്ലാത്തതിനാൽ പണികൾ തുടങ്ങാനായിട്ടില്ല.

ജൂണിൽ കൃഷി ചെയ്യുന്ന കൂർക്ക ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വിളവെടുക്കുക. എന്നാൽ നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വിളവെടുപ്പ് നീണ്ടിപോകുമെന്നാണ് കർഷകർ പറയുന്നത്. മുളച്ച ചെടികൾ ഉണങ്ങാതിരിക്കാൻ വെള്ളം പമ്പ് ചെയ്താണ് മിക്ക കർഷകരും ചെടികളെ നിലനിർത്തുന്നത്. മഴ ശക്തമായെങ്കിൽ മാത്രമേ കൂർക്കച്ചെടിയുടെ തലപ്പുനുള്ളി നടാൻ കഴിയൂ. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ അടുത്ത ആഴ്ചയെങ്കിലും പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

കൃഷിരീതി :-
ഒരു ഏക്കർ സ്ഥലത്ത് കൃഷിയിറക്കാൻ തൈകൾ കിട്ടാൻ ഏകദേശം രണ്ടരസെന്റ് സ്ഥലത്ത് വിത്ത് പാകണം. പാകി ഒരുമാസം കഴിയുമ്പോൾ തലപ്പുകൾ മുറിക്കാം. ഈ തലപ്പുകൾ 30 സെന്റീമീറ്റർ അകലത്തിൽ പ്രധാന കൃഷിയിടത്തിലെ ഏരിയകളിൽ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടിവളമായി സെന്റ് ഒന്നിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കിലോ സൂപ്പർ ഫോസ്‌ഫേറ്റ്, 335 ഗ്രാം പൊട്ടാഷ് വളം എന്നിവയാണ് ഇടുക. കൂടാതെ ആറാഴ്ച കഴിഞ്ഞ് ഇതേ അളവിൽ യൂറിയയും പൊട്ടാഷും മേൽവളമായി നൽകാം. ഒപ്പം ചുവട്ടിൽ മണ്ണിളക്കുകയും വേണം.