ration-

വാളയാർ: വാളയാറിൽ മൂന്ന് ടൺ റേഷനരി പിടികൂടി. സിവിൽ സപ്ലൈസ് വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡി.വൈ.എഫ്.ഐ നേതാവ് അബ്ദുൾ റസാഖിന്റെ വീടിന് ചേർന്നുള്ള ഗോഡൗണിൽ നിന്ന് 56 ചാക്കുകളിലായി സൂക്ഷിച്ച തമിഴ്നാട് റേഷനരി പിടികൂടിയത്. സംഭവത്തിൽ അബ്ദുൾ റസാഖിനെതിരെ കേസെടുത്തു. തുടർനടപടിക്കായി പരിശോധന റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജെ.എസ്.ഗോകുൽദാസ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് വാളയാർ എസ്.ഐ രാജേഷിന്റെ നേതൃത്വത്തിലായിരുന്ന പരിശോധന നടത്തിയത്. 2815 കിലോ അരിയാണ് ഷെഡിൽ ഉണ്ടായിരുന്നത്.

വാളയാർ പ്രദേശത്ത് വിൽക്കുന്നതിനായി കൊണ്ട് വന്നതാണ് അരിയെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് റേഷനരി ചുരുങ്ങിയ വിലയ്ക്ക് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് മട്ട അരി എന്ന വ്യാജേന ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രമല്ല കർണ്ണാടക, ആന്ധ്രപ്രദേശത്ത് എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് റേഷനരി കടത്തുന്നുണ്ടെന്നാണ് പറയുന്നത്. റേഷനരി കടത്ത് തടയുന്നതിന് കഴിഞ്ഞ ദിവസം കൊഴിഞ്ഞമ്പാറയിൽ പൊള്ളാച്ചി സിവിൽ സപ്ലൈസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ഗോപിനാഥിന്റെ നേതൃത്വത്തിൽ വാളയാർ, കൊഴിഞ്ഞമ്പാറ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. അതിർത്തികളിലൂടെയും ഊടുവഴികളിലൂടെയും കേരളത്തിലേക്ക് അരികടത്ത് തടയുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് വിഭാഗം സംയുക്തമായ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു. പരിശോധനയിൽ എസ്.ഐ ആർ.രാജേഷ്, സീനിയർ സി.പി.ഒമാരായ എം.ശ്രീജിത്ത്, പി.സി.ഷൈനി, താലൂക്ക് സപ്ലൈ ഓഫീസർ ജെ. എസ്. ഗോകുൽദാസ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എസ്.രഞ്ജിത്ത്, ആർ.ബിലാൽ എന്നിവർ പങ്കെടുത്തു.