
ശ്രീകൃഷ്ണപുരം: ഞങ്ങളും കൃഷിയിലേക്ക് പി.എം.കെ.എസ്.വൈ പദ്ധതികളുടെ ഭാഗമായി കരിമ്പുഴ പഞ്ചായത്തിൽ ഫലവൃക്ഷ തൈകളുടെയും പച്ചക്കറി വിത്തുകളുടെയും വിതരണം ആരംഭിച്ചു. 4500 ഫലവൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. ഓരോ വാർഡിലും 250 വീതം തൈകൾ വിതരണം ചെയ്യും. കൂടാതെ 100 പാക്കറ്റ് പച്ചക്കറി വിത്തും വിതരണം ചെയ്യും. പഞ്ചായത്തിൽ നടന്ന വിതരണോദ്ഘാടനം പ്രസിഡന്റ് ഉമ്മർകുന്നത്ത് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനസ് പൊമ്പറ, ഇ.പി.ബഷീർ, സി.ചാമി, സി.വിജിത, കൃഷി അസിസ്റ്റന്റ് കെ.ജയ, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനീയർ പി.ഡിജിന എന്നിവർ പങ്കെടുത്തു.