kanjav

പാലക്കാട്: ട്രെയിനിൽ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 8.2 കിലോ കഞ്ചാവ് പിടികൂടി. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‌‌സൈസ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഷാലിമാർ നാഗർകോവിൽ ഗുരുദേവ് എക്‌സ്‌പ്രസിന്റെ ജനറൽ കംമ്പാർട്ടുമെന്റിന്റെ സീറ്റിനടിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പൊതുവിപണിയിൽ കഞ്ചാവിന് എട്ടു ലക്ഷത്തോളം രൂപ വില വരും.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ പാലക്കാട് സ്‌റ്റേഷനിൽ നിന്ന് മാത്രം 36 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായും ട്രെയിനിലെ പരിശോധന കർശനമായി തുടരുമെന്നും ആർ.പി.എഫ് കമാൻഡന്റ് ജെതിൻ ബി.രാജ് അറിയിച്ചു. എക്‌‌സൈസ് സി.ഐ എം.സുരേഷ്, എ.എസ്.ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ.അശോക്, പ്രിവന്റീവ് ഓഫീസർ ആർ.എസ്.സുരേഷ്, കോൺസ്റ്റബിൾ വി.സവിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.വിഷ്ണു, സദാം ഹുസൈൻ, തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.