
പട്ടാമ്പി: മയക്കുമരുന്നിന് അടിമപ്പെട്ട വിദ്യാർത്ഥിയെ സഹപാഠികൾ രക്ഷിച്ചെടുക്കുന്ന കഥപറഞ്ഞ നടുവട്ടം ഗവ. ജനത ഹൈസ്‌കൂളിലെ കുട്ടികളുടെ 'ലുഡോ മിഠായി' ഷോർട് ഫിലിമിന് സംസ്ഥാന അംഗീകാരം. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ സംഘടിപ്പിച്ച സംസ്ഥാനതല വിമുക്തി ഷോർട്ട് ഫിലിം മത്സരത്തിലാണ് രണ്ടാംസ്ഥാനം ലുഡോ മിഠായിക്കാണ്. 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഇന്ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നിത്യ പ്രവീണും കൂട്ടുകാരുമാണ് സിനിമയുടെ അണിയറയിൽ. നിത്യയുടെതാണ് തിരക്കഥയും സംവിധാനവും. കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തിയതും കുട്ടികൾ തന്നെയാണ്. കൂടാതെ അദ്ധ്യാപകരായ ടി.എം.നാരായണനും രജിത വിനേഷും വേഷമിട്ടിട്ടുണ്ട്.
മനേഷ് പട്ടാമ്പിയാണ് കാമറ. സ്‌കൂളിലെ ജനത ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിനകം നാല് ഹ്രസ്വ സിനികളാണ് ഒരുക്കിയത്. എല്ലാ സിനിമകളും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാഠപുസ്തകങ്ങളിൽ ഒതുങ്ങികൂടാതെ കുട്ടികളുടെ കഴിവും അഭിരുചിയും വികസിപ്പിക്കുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ധ്യാപകർ പറഞ്ഞു.