plastic

പാലക്കാട്: 19 പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജൂലായ് ഒന്നു മുതൽ പിഴ ഉൾപ്പെടെയുള്ള പരിശോധനയും ബോധവത്കരണവും ശക്തമക്കാനൊരുങ്ങി ജില്ല. 2020 ജനുവരി മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന നിയമം നിലവിൽ വന്നത്. എന്നാൽ നിയമംമൂലം നിരോധിച്ചിട്ടും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ വിപണിയിൽ സുലഭമാണ്. ജില്ലയിലെ പല ഹോട്ടലുകളിലും തട്ടുകടകളിൽ നിന്നും 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകളിലാണ് ഇപ്പോഴും ചൂടുള്ള ഭക്ഷ്യവസ്തുക്കളടക്കം നൽകുന്നത്. ആദ്യഘട്ടത്തിൽ നിയമം ലംഘിച്ച കടകൾക്കെതിരെ പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ പ്ലാസ്റ്റിക് അയവുവന്നിരുന്നു. പിന്നീട് കൃത്യമായ പരിശോധന നടക്കാത്ത അവസ്ഥയായതോടെ പേപ്പർ, തുണി സഞ്ചികളേക്കാൾ കൂടുതൽ ലാഭകരമായ പ്ലാസ്റ്റിക് ക്യാരി ബാഗുകളിലേക്കുതന്നെ വ്യാപാരസ്ഥാപനങ്ങൾ മാറി.

നിലവിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് കൂടി വന്നതോടെ നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെ ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. 2021ൽ നിലവിൽവന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഭേദഗതി നിയമം അനുസരിച്ചാണ് കേന്ദ്ര സർക്കാരിന്റെ നിരോധന നടപടി.

നിരോധിച്ച ഉല്പന്നങ്ങൾ

.പ്ലാസ്റ്റിക് ക്യാരി ബാഗുകൾ

.ഐസ്ക്രീം പ്ലാസ്റ്റിക് സ്റ്റിക്കുകൾ

.തെർമോക്കോൾ ഡെക്കറേഷനുകൾ

.ഡിസ്‌പോസിബിൾ പ്ലേറ്റ്

.കപ്പ്, സ്പൂൺ, ഗ്ലാസ്

.പ്ലാസ്റ്റിക് പതാക

.ഫോർക്ക്, കത്തി, സ്‌ട്രോ, ട്രേ

.സ്വീറ്റ് ബോക്സ്

.100 മൈക്രോണിൽ താഴെയുള്ള പി.വി.സി ബാനറുകൾ

.ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റുകൾ

.പ്ലാസ്റ്റിക് സ്റ്റിക്കുള്ള ഇയർ ബെഡുകൾ, ബലൂണുകൾ

പിഴ ഇങ്ങനെ

ആദ്യം- മുന്നറിയിപ്പ്

രണ്ടാമത്- 10,000രൂപ

മൂന്നാമത്- 25,000രൂപ

നാലാമത്- 50,000രൂപ

പുതിയ നിരോധന ഉത്തരവ് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഒന്നുമുതൽ ജില്ലയിൽ പരിശോധന ശക്തമാക്കുന്നതോടൊപ്പം ബോധവത്കരണവും നടത്തും.

ഷെറീഫ്, പ്രോഗ്രാം ഓഫീസർ, ജില്ലാ ശുചിത്വ മിഷൻ.